രാജ്യസഭാ സീറ്റ്: സ്ഥാനാര്‍ത്ഥി നിര്‍ണയം സോണിയയ്‌ക്ക് വിട്ടു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്‌ക്കുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിശ്ചയിക്കും.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെള്ളിയാഴ്‌ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് തിരിഞ്ഞെടുപ്പ് സമിതിയോഗമാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ സോണിയയെ ചുമതലപ്പെടുത്തിയത്.
യോഗം അരമണിക്കൂര്‍ നീണ്ടുനിന്നു. ആരുടെയെങ്കിലും പേരോ ഒന്നിലേറെ പേരുള്‍പ്പെടുന്ന പട്ടികയോ യോഗം ചര്‍ച്ചചെയ്‌തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ ദില്ലിയില്‍ തീരുമാനിച്ച് കെപിസിസിയെ അറിയിക്കട്ടെയെന്ന ധാരണയിലാണ് യോഗം എത്തിയത്. സാധാരണ രാജ്യസഭാ സ്ഥാനാര്‍ത്ഥിനിര്‍ണയം എഐസിസിയാണ് ചെയ്യാറുള്ളത്- അദ്ദേഹം പറഞ്ഞു. ചെന്നിത്തല, കെ കരുണാകരന്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്കുവീഴുകയെന്നാണ് സൂചന.
ഒട്ടേറെ അവകാശവാദങ്ങള്‍ക്കുശേഷം യുഡിഎഫിലെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നു തന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി മൂന്നാണ്.












Click it and Unblock the Notifications