നവീന്‍ ചൗളയെ നീക്കം ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ പദവിയില്‍ നിന്ന് മാറ്റണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗോപാലസ്വാമി രാഷ്ട്രപതിയോടു ശുപാര്‍ശചെയ്തു. ശുപാര്‍ശ പരിഗണിച്ച രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി.
നവീന്‍ ചൗള കോണ്‍ഗ്രസിനുവേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗോപാലസ്വാമി അറിയിച്ചു. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
2006 മാര്‍ച്ച് 16ന് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഇതേ ആരോപണം ഉന്നയിച്ച് ബിജെപി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാലിത് രാഷ്ട്രീയപ്രേരിതമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചു.
ഇതേത്തുടര്‍ന്ന് ബിജെപി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് കേസ് പിന്‍വലിച്ചിരുന്നു.
വരുന്ന ഏപ്രില്‍ 20ന് ഗോപാലസ്വാമിയുടെ കാലാവധി അവസാനിയ്ക്കുകയാണ്. സീനിയോറിറ്റി അനുസരിച്ച് നവീന്‍ ചൗളയാണ് സ്വഭാവികമായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുക. പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്ന് ഉറപ്പായിരിക്കെയാണ് ചൗളയെ നീക്കണമെന്ന നിര്‍ദ്ദേശവുമായി ഗോപാല സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയിലും ഭരണഘടനയനുസരിച്ചും ഗോപാല സ്വാമിയ്ക്ക് നവീന്‍ ചൗളയെ പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന കാര്യം വ്യക്തമായിരിക്കെ ഗോപാലസ്വാമിയുടെ ശുപാര്‍ശ വരും നാളുകളില്‍ വന്‍വിവാദമായി മാറുമെന്ന കാര്യമുറപ്പാണ്.












Click it and Unblock the Notifications