അഭയ കേസ്: രേഖകള്‍ സുരക്ഷിതമെന്ന് സിബിഐ
കൊച്ചി: അഭയ കേസില്‍ ലോക്കല്‍ പോലീസ് തയാറാക്കിയ എഫ്‌ഐആറും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിബിഐ അറിയിച്ചു. ഇതടക്കമുള്ള എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
1993ല്‍ കേസന്വേഷണം ഏറ്റെടുത്ത ശേഷം കോട്ടയം എസ്‌ഡിഎം കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയ രേഖകളാണിവ. എസ്‌ഡിഎം കോടതിയില്‍ രസീത് നല്‌കിയാണ് രേഖകള്‍ ഏറ്റുവാങ്ങിയതെന്ന് സിബിഐ അറിയിച്ചു.
ഈ രേഖകള്‍ ആവശ്യപ്പെട്ട് കേസിലെ പ്രതികളുടെ അഭിഭാഷകര്‍ കോട്ടയം എസ്‌ഡിഎം കോടതിയിലും എറണാകുളം സിജെഎം കോടതിയിലും അപേക്ഷ നല്‌കിയിരുന്നു. രേഖകള്‍ തങ്ങളുടെ പക്കലുള്ള കാര്യം അന്ന് കോടതിയെ അറിയിച്ചിരുന്നതായും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഭയ കേസില്‍ കുറ്റപത്രം തയാറാക്കുന്നതുമായി ബന്‌ധപ്പെട്ട് സിബിഐ സ്വകാര്യ അഭിഭാഷകരുടെ സഹായം തേടുന്നുണ്ടെന്ന പ്രചാരണം സിബിഐ നിഷേധിച്ചു. അതിന് പുറത്തു നിന്നുള്ള അഭിഭാഷകരുടെ സഹായം ആവശ്യമില്ല. സിബിഐയ്‌ക്ക് സ്വന്തമായി ലീഗല്‍ സെല്ലുണ്ടെന്നും കുറ്റപത്രം സമര്‍പ്പിയ്‌ക്കുക എന്നത് അന്വേഷണ ഏജന്‍സിയുടെ ജോലിയുടെ ഭാഗമാണെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications