നവകേരള യാത്രയ്ക്ക് തിങ്കളാഴ്ച തുടക്കം
കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയ്ക്ക് തിങ്കളാഴ്ച കാസര്‍ഗോട് തുടക്കമാകും. 'സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന ജാഥ മഞ്ചേശ്വരത്താണ് ഉദ്ഘാടനംചെയ്യുക.
ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം നവകേരള യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാവലിന്‍ കേസില്‍ പിണറായി പ്രതിയാക്കപ്പെട്ട സാഹചര്യത്തില്‍ സിബിഐയെ രാഷ്ട്രീയമായി പ്രതിരോധിയ്ക്കാനായിരിക്കും ജാഥയിലുടനീളം സിപിഎം ശ്രമിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്.
140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന ജാഥയ്ക്ക് ഓരോ പ്രദേശത്തും ഗംഭീര സ്വീകരണങ്ങള്‍ ഒരുക്കാന്‍ പാര്‍ട്ടി നേതൃത്വം പ്രാദേശിക നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കകിക്കഴിഞ്ഞു. ഒരുക്കങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്ക് പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിളള പതാക പിണറായി വിജയന് കൈമാറും. ഉദ്ഘാടനചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, പി.കെ. ശ്രീമതി എന്നിവരും പങ്കെടുക്കും.
പിണറായിയെ കൂടാതെ എം വിജയരാഘവന്‍, എം ഗോവിന്ദന്‍ മാസ്റ്റര്‍, ഇ പി ജയരാജന്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എന്നിവരാണ് ജാഥാംഗങ്ങള്‍. ഫെബ്രുവരി 25-ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നവകേരള യാത്രയുമായി സഹകരിയ്ക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസിന് നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. എന്നാല്‍ ലാവലിന്‍ വിഷയത്തില്‍ ഇടഞ്ഞ് നില്ക്കുന്ന വിഎസ് പാര്‍ട്ടി നിര്‍ദ്ദേശത്തിന് വഴങ്ങില്ലെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications