നവകേരള യാത്രയില്‍ വിഎസ് പങ്കെടുക്കില്ല
ആലുവ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഈ സുപ്രധാനമായ കാര്യം വിഎസ് അറിയിച്ചിരിയ്‌ക്കുന്നത്. സിപിഎം മാര്‍ച്ചില്‍ പങ്കെടുക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ "ഇല്ല ഇല്ല ഇല്ലായെന്നായിരുന്നു വിഎസിന്റെ മറുപടി."
തിങ്കളാഴ്‌ച എറണാകുളം ജില്ലയില്‍ നാല് പൊതുപരിപാടികളിലെങ്കിലും വിഎസ് പങ്കെടുത്തിരുന്നു. ഇവിടെയൊക്കെ വച്ച് മാധ്യമപ്രവര്‍ത്തകര്‍ വിഎസിനോട് ഇക്കാര്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിയ്‌ക്കാന്‍ തയാറായില്ല. ഒടുവില്‍ വൈകിട്ട് ആലുവ പാലസില്‍ വച്ചാണ് വിഎസ് അസന്നിഗ്‌ദ്ധമായി സിപിഎം മാര്‍ച്ചില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വമ്പന്‍ ആഘോഷപരിപാടികളോടെ നവകേരള മാര്‍ച്ച് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന നേരത്ത് തന്നെയാണ് താന്‍ പിണറായി നയിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന കാര്യം വിഎസ് വ്യക്തമാക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
നവകേരള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നേതൃത്വവും സംസ്ഥാന സെക്രട്ടേറിയറ്റും വിഎസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മുന്നോട്ട നീങ്ങാനാണ് വിഎസ് തീരുമാനിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications