വിവാഹിതര്‍ക്ക് പരസ്യമായി ചുംബിക്കാം: കോടതി
ദില്ലി: വിവാഹിതരായ പുരുഷനും സ്‌ത്രീയും പരസ്യമായി ചുംബിക്കുന്നത് കുറ്റകരമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി.
പരസ്യമായി സ്‌നേഹപ്രകടനം നടത്തിയ ദമ്പതികള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
തങ്ങളുടെ വിവാഹരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയ യുവാവിനും യുവതിയ്‌ക്കും എതിരെയാണ് ദ്വാരക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതെന്ന് കോടതി കണ്ടെത്തി.
ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരം ഇത്തരമൊരു കേസിന് നിലനില്‍പ്പില്ലെന്ന് കോടതി വ്യക്തമാക്കി. ലോക്കല്‍ മെട്രോ സ്‌റ്റേഷനില്‍ വച്ച് പരസ്യമായി ചുംബിച്ചുവെന്നതിന്റെ പേരിലാണ് ദമ്പതികള്‍ക്കെതിരെ 2008 സെപ്‌റ്റംബര്‍ 4ന് പൊലീസ് കേസെടുത്തത്.
വിവാഹിതരാണെന്ന് പറഞ്ഞിട്ടും ഇരുവരെയും പൊലീസ് സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്‌തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.
സെപ്‌റ്റംബര്‍ 1ന് ആര്യസമാജം ക്ഷേത്രത്തില്‍ വച്ച് രക്ഷിതാക്കള്‍ അറിയാതെ വിവാഹിതരായ ഇവര്‍ വിവാഹം നിയമപരമായി രജിസ്‌റ്റര്‍ ചെയ്യുന്നതുവരെ വേറിട്ടായിരുന്നു താമസം.
പൊലീസ് തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ദമ്പതികള്‍ മറ്റൊരു പരാതി ഫയല്‍ ചെയ്‌തിട്ടുണ്ട്. ഇതില്‍ ഫെബ്രുവരി 25ന് വാദം നടക്കും.












Click it and Unblock the Notifications