സത്യം: രാജുവിനെ ചോദ്യം ചെയ്യാന്‍ സെബിയ്ക്ക് അനുമതി
ദില്ലി: സത്യം കമ്പ്യൂട്ടേഴ്സില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ ചെയര്മാന് രാമലിംഗരാജുവിനെ ചോദ്യം ചെയ്യാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക്(സെബി) സുപ്രീം കോടതി അനുമതി നല്കി.
രാമലിംഗരാജുവിനൊപ്പം തന്നെ ഇദ്ദേഹത്തിന്റെ സഹോദരനും സത്യത്തിലെ സാമ്പത്തികകാര്യ ഉദ്യോഗസ്ഥനുമായിരുന്ന രാമരാജുവിനെ ചോദ്യം ചെയ്യാനും സെബിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സെബി അന്വേഷകനായ സുനില്‍ കുമാറാണ് രാജു സഹോദരന്മാരെ ചോദ്യം ചെയ്യുക.
അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ഹൈദരാബാദിലെ ജയിലില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. രാജു സഹോദരന്മാരെ ചോദ്യം ചെയ്യാന്‍ ആന്ധ്രയിലെ വിചാരണ കോടതി സെബിയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.
തുടര്‍ന്ന് സെബി ഇവരെ ചോദ്യം ചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമെന്നാണ് സത്യം തട്ടിപ്പിനെ വിശേഷിപ്പിക്കുന്നത്.
രാമലിംഗരാജുവും കൂട്ടരും ചേര്‍ന്ന് 7,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. സെബി ചോദ്യം ചെയ്യുന്നതോടെ രാജു നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ഇപ്പോള്‍ രാജുവും സഹോദരന് രാമരാജുവും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.