കല്യാണ്‍ സിങ് മാപ്പപേക്ഷിച്ചു
ലഖ് നൊ: അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് മാപ്പപേക്ഷിച്ചു.
സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം തനിയ്ക്കാണെന്ന് അദ്ദേഹം ഏറ്റു പറഞ്ഞു. സിങ് അധികാരത്തിലിരിയ്ക്കെ 1992 ഡിസംബര്‍ ആറിനാണ് മസ്ജിദ് തകര്‍ക്കപ്പെട്ടത്. സംഭവത്തില്‍ കല്യാണ്‍ സിങ് മാപ്പു പറയണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
1992 ഡിസംബര്‍ ആറിന് നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. യുപി മുഖ്യമന്ത്രി സ്ഥാനം സംഭവമുണ്ടായയുടനെ ഞാന്‍ രാജിവച്ചിരുന്നു. മസ്ജിദ് തകര്‍ത്തയുടനെ ഞാന്‍ മാപ്പപേക്ഷിച്ചതാണ് കല്യാണ്‍ സിങ് പറഞ്ഞു. ബിജെപിയില്‍ നിന്നു രാജി വച്ചതു ധാര്‍മിക കാരണങ്ങളാലാണെന്നു കല്യാണ്‍ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബി ജെ പി വിട്ട കല്യാണ്‍ സിങ് സമാജ്‌വാദി പാര്‍ട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കല്യാണ്‍ സിങിനെ സമാജ് വാദി പാര്‍ട്ടി സ്വീകരിച്ചത് യുപി മുസ്ലീം സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോയെന്ന് ഭയന്നാണ് കല്യാണ്‍ സിങിനോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കരുതുന്നു.












Click it and Unblock the Notifications