പ്രണയദിനത്തില്‍ പ്രണയിച്ചാല്‍ കല്യാണം നടത്തുമെന്ന് സേന
ബാംഗ്ലൂര്‍: ഭാരത സംസ്‌കാരത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്ന ശ്രീരാമസേന പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ തടയാനായി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തു.
പ്രണയദിനത്തില്‍ പരസ്യമായി പ്രേമപ്രകടനങ്ങള്‍ നടത്തുന്ന പ്രണയികളെ പിടിച്ച് കൊണ്ടുപോയി വിവാഹം ചെയ്യിക്കുകയെന്നതാണ് ഇവരുടെ പ്രധാന തീരുമാനം. സേന നേതാവ് പ്രമോദ് മുത്തലികിന്റെ നേതൃത്വത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
പൊതുസ്ഥലത്ത് പ്രണയപ്രകടനം നടത്തുന്ന കമിതാക്കളെ പിടിച്ച് വിവാഹം ചെയ്യിക്കാനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വീഥികളില്‍ വീഡിയോ കാമറകളും മഞ്ഞച്ചരടുമായി ഇവര്‍ റോന്ത് ചുറ്റും.
പ്രണയിക്കുന്ന യുവമിഥുനങ്ങളെ കണ്ടാല്‍ ഉടന്‍ പിടിച്ച് താലികെട്ടിയ്‌ക്കും. പിന്നീട് ഇവരെ അടുത്തുള്ള രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി വിവാഹം രജിസ്‌റ്റര്‍ചെയ്യും. ഇതാണ് പ്രണയദിനത്തില്‍ ചെയ്യാന്‍ പോകുന്നതെന്ന് സേനയുടെ ബാംഗ്ലൂര്‍ ചീഫ് വസന്ത് കുമാര്‍ ഭവാനി പറഞ്ഞു.
കമിതാക്കള്‍ക്ക് പ്രണയദിനം ആഘോഷിക്കണമെങ്കില്‍ അവര്‍ പള്ളികളില്‍ പോയി ആഘോഷിക്കട്ടെയെന്നാണ് നേതാവ് പ്രമോദ് മുത്തലിക് പറയുന്നത്. പ്രണയദിന കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതും വില്‍ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാനും സേന തീരുമാനിച്ചിട്ടുണ്ട്. പ്രണയദിനം ഭാരതസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് സേനയുടെ വാദം.












Click it and Unblock the Notifications