അഭയ: ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്യും
കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഐജി ടോമിന്‍ തച്ചങ്കരിയെ സിബിഐ ചോദ്യം ചെയ്യും. മുന്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന കെടി മൈക്കിളിനെ ചോദ്യം ചെയ്‌തപ്പോഴാണ് കേസില്‍ സുപ്രധാനവിവരങ്ങള്‍ നല്‍കാന്‍ തച്ചങ്കരിയ്‌ക്കു കഴിയുമെന്ന് സിബിഐയ്‌ക്ക് സൂചന ലഭിച്ചത്.
ഇപ്പോള്‍ തിരുവനന്തപുരത്ത് ഐജിയായ തച്ചങ്കരിയ്‌ക്ക് ഇതുസംബന്ധിച്ച് സിബിഐ നോട്ടീസ് അയയ്‌ക്കും. ഒരുവര്‍ഷത്തോളം സസ്പെന്‍ഷനിലായിരുന്ന തച്ചങ്കരി രണ്ടുമാസം മുന്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇദ്ദേഹം കോട്ടയത്ത് ക്രൈംബ്രാഞ്ച് എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെടി മൈക്കിളില്‍ നിന്നുള്ള തെളിവെടുപ്പ് പൂര്‍ത്തിയായതായി സിബിഐ അറിയിച്ചു. മുന്‍ മെഡിക്കോ ലീഗല്‍ ഉപദേഷ്ടാവ് ഡോക്ടര്‍ ഉത്തമനെ സിബിഐ ബുധനാഴ്‌ചയും ചോദ്യം ചെയ്‌തിട്ടുണ്ട്.
വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയത് സംബന്ധിച്ചുള്ള തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി നന്ദകുമാര്‍ നായര്‍ ബാംഗ്ലൂരിലേയ്‌ക്ക് പോകുന്നുണ്ട്. ഫൊറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ ഡോക്ടര്‍ മോഹന്‍, അസിസ്‌റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ മാലിനി എന്നിവരില്‍ നിന്നും അദ്ദേഹം തെളിവെടുക്കും.
അന്വേഷണ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. മൂന്ന് പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്‌തത് ന്യായീകരിക്കാനുള്ള തെളിവ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. അറുപത്തിയഞ്ചോളം സാക്ഷികളെ ചോദ്യം ചെയ്‌തകാര്യവും സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് സ്വീകരിച്ച ഡിവിഷന്‍ ബഞ്ച് അടുത്ത റിപ്പോര്‍ട്ട് മാര്‍ച്ച് 30നുള്ളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയം സിബിഐയ്‌ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാനായി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സിബിഐയ്‌ക്ക് കഴിഞ്ഞേയ്‌ക്കും.












Click it and Unblock the Notifications