പിണറായി ഊതിക്കാച്ചിയ പൊന്നാണെന്ന് സുധാകരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ പരസ്യവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്.
നിഷ്‌പക്ഷരാണെന്ന് സ്വയം തോന്നുന്നവര്‍ മാര്‍ക്‌സിസ്‌റ്റുകാരല്ലെന്നും അപകടത്തില്‍പ്പെടുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും സുധാകര്‍ പറഞ്ഞു.
സിബിഐയെ വിമര്‍ശിക്കരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോള്‍ നിഷ്‌പക്ഷത നടിക്കുന്നവര്‍ മന്ത്രിയായാലും എംഎല്‍എ ആയാലും ആരുതെന്നെയായാലും കമ്യൂണിസ്റ്റുകാരല്ല.
പാര്‍ട്ടി തകരുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ചാല്‍ മന്ത്രിയായിരിക്കുന്ന കാലാവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പാര്‍ട്ടി നമ്മളെ കാണില്ല. വ്യക്തിവൈരാഗ്യം വച്ചുപുലര്‍ത്തുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി.
ഊതിക്കാച്ചിയ പൊന്നാണ് പിണറായി വിജയന്‍. യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകാര്‍ പാര്‍ട്ടി സെക്രട്ടറിയെ ഒറ്റിക്കൊടുക്കില്ല. അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ എനിക്കാവില്ല. പാര്‍ട്ടിയില്ലാതെ പ്രതികരിച്ച ജയപ്രകാശ് നാരായണ്‍ പോലും ഇവിടെ രക്ഷപ്പെട്ടിട്ടില്ല- സുധാകര്‍ പറഞ്ഞു.
ഞങ്ങളാരും കോടതിയെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സിബിഐയെ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും വിമര്‍ശിയ്‌ക്കും, കാരണം ലാവലിന്‍ കേസ് കെട്ടിച്ചമച്ചതാണ്. തനിയ്‌ക്കു ശേഷം പ്രളയമാണെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. ആ ധാരണയുണ്ടാക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. നുണ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ പിറന്ന വീടിന് പോലും അപമാനമാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.












Click it and Unblock the Notifications