പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തത് മാനഭംഗത്തെത്തുടര്‍ന്ന്

പെണ്‍കുട്ടികളുടെ സഹപാഠികളും കേസിലെ പ്രതികളായ കാക്കാഴം സ്വദേശികളായ വെളിംപറമ്പില്‍ ഷാനവാസ് (19), കമ്പിവളപ്പില്‍ സൗഫര്‍ (20) എന്നിവരെ ഹരിപ്പാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്‌ണുവിന്റെ മുമ്പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്‌തു.
കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ, വിവാഹവാഗ്‌ദാനം നല്‍കി കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഷാനവാസിനോട് പ്രണയമുണ്ടായിരുന്നു. ഷാനവാസ് തിരിച്ച് പ്രേമം അഭിനയിച്ചു. മറ്റൊരു പെണ്‍കുട്ടി ആദ്യം ഒരു സഹപാഠിയെ പ്രേമിച്ചെങ്കിലും പിന്നീട് സൗഫറുമായി അടുപ്പത്തിലായി. വിഎച്ച്‌എസ്‌സി വിദ്യാര്‍ത്ഥികളായ ഇവരെ ഒക്ടോബര്‍ 31ന് ആസ്‌പത്രിയില്‍ പരിശീലനത്തിന് കൊണ്ടുപോയി.
ഹാജര്‍വെച്ചശേഷം പ്രതികള്‍ പെണ്‍കുട്ടികളെയുംകൊണ്ട് മുങ്ങി. മൂന്നാമത്തെ പെണ്‍കുട്ടിക്ക് മറ്റൊരു സഹപാഠിയുമായി അടുപ്പമുണ്ടായിരുന്നു. ഈ കാമുകന്‍ വരുമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ മൂന്ന് പെണ്‍കുട്ടികളേയും കൊണ്ട് ആലപ്പുഴ കടപ്പുറത്ത് എത്തി.
അവിടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ രണ്ട് കാമുകന്മാര്‍ കാമുകികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. അടുത്ത ദിവസം ഇതേ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഇത്തവണ മൂന്നാമത്തെ പെണ്‍കുട്ടിയും പീഡനത്തിനിരയായി. വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
നവംബര്‍ 10ന് പരിശീലനം കഴിഞ്ഞ് സ്‌കൂളിലെത്തിയ പെണ്‍കുട്ടികള്‍ മനഃപ്രയാസത്തിലായിരുന്നു. പെണ്‍കുട്ടികളിലൊരാള്‍ കാമുകനോട് താന്‍ മരിക്കുമെന്നു പറഞ്ഞപ്പോള്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കാര്യം പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി.
മരിക്കുംമുന്‍പ് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങളെല്ലാം അടുപ്പമുള്ള ഒരാളോട് തുറന്നുപറഞ്ഞിരുന്നു. നവംബര്‍17നായിരുന്നു ആത്മഹത്യ. ലോക്കല്‍ പോലീസിന് കണ്ടെത്താനാവാതിരുന്ന ഈ വ്യക്തിയുടെ മൊഴിയാണ് വഴിത്തിരിവായത്.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജഗോപാല്‍, സിഐ ജവഹര്‍ ജനാര്‍ദനന്‍, എസ്‌ഐ എം.കെ.ബിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 35 ദിവസം കൊണ്ട് നൂറിലേറെപ്പേരില്‍ നിന്നാണ് മൊഴിയെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ വെള്ളിയാഴ്‌ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.












Click it and Unblock the Notifications