കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിയിലെ മുഖപ്രസംഗം

  • By Staff
Google Oneindia Malayalam News

ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐയെ വിമര്‍ശിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവനയെ പരോക്ഷമായി എതിര്‍ത്തുകൊണ്ട്‌ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക്‌ പ്രതിവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം.

അധികാര ദുര്‍വിനിയോഗം

ലാവ്ലിന്‍ പ്രശ്നത്തില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരസ്യപ്രസ്താവന അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട ഹര്‍ജി ലോകായുക്ത തള്ളിയത് പലരുടെയും കണ്ണുതുറപ്പിക്കുന്നതിന് സഹായകരമാണ്. പാര്‍ടിക്കെതിരെ ശത്രുവര്‍ഗം ആസൂത്രിതമായി ഗൂഢാലോചന നടത്തി ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുകയും തുറന്നുകാണിക്കുകയും ചെയ്യേണ്ട യഥാര്‍ഥ കമ്യുണിസ്റ്റുകാരന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് കോടിയേരി ചെയ്തത്.

സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ലാവ്ലിന്‍കേസില്‍ പ്രതിയാണെന്ന് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് കോടിയേരി പൊതുയോഗത്തില്‍ പാര്‍ടിനിലപാട് വ്യക്തമാക്കിയത്. അതിനായി ഒരു ഔദ്യോഗിക പദവിയും ഭരണഘടനയും വെല്ലുവിളിക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്നേ പാര്‍ടി കേന്ദ്രനേതൃത്വം നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ചില മാധ്യമങ്ങള്‍, ആദ്യം അന്വേഷണ ഉത്തരവിട്ടത് ആരാണെന്ന കാര്യംപോലും മറന്നമട്ടില്‍ അതും കോടതിയുടെ ഉത്തരവായി വ്യാഖ്യാനിക്കുന്ന കാലമാണല്ലോ ഇത്. അധികാരത്തിലിരിക്കുമ്പോള്‍ ആ പദവിയോടും ഭരണഘടനയോടും കൂറുപുലര്‍ത്തിക്കൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന ദൌത്യത്തെ സംബന്ധിച്ച് പാര്‍ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതേ ഭരണകൂടഘടനയുടെ ഭാഗമായി അധികാരത്തിലിരിക്കുമ്പോള്‍ ഐക്യത്തിന്റെയും സമരത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാവില്ല.

എന്നാല്‍, എപ്പോഴൊക്ക ഭരണഘടനാസ്ഥാപനങ്ങള്‍ ജനവിരുദ്ധമാകുന്നുവോ അപ്പോഴൊക്ക അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് സ്ഥാനമാനവും പദവിയും കമ്യൂണിസ്റ്റുകള്‍ പരിഗണിക്കാറില്ല. ഇക്കാര്യത്തില്‍ ആദ്യമാതൃക ഇ എം എസാണ് കാണിച്ചുതന്നത്. നീതിപീഠത്തിന്റെ വര്‍ഗസ്വഭാവത്തെ തുറന്നുകാണിക്കുന്നതില്‍ അദ്ദേഹത്തിനു ഒന്നും തന്നെ തടസ്സമായില്ല. അതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികളെ നേരിടേണ്ടി വന്നുവെന്നതും ചരിത്രം.

കേരളത്തിലും ബംഗാളിലും അധികാരത്തിലിരുന്ന സിപിഐ എം നേതാക്കളായ മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും പല ഘട്ടത്തിലും ഈ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. സ്വാശ്രയനിയമത്തിന്റെ കാര്യത്തില്‍ കോടതിവിധി വന്നപ്പോള്‍ 'വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് പൂര്‍ണമായും അനുകൂലമാണ് ഈ കോടതിവിധിയെന്ന് സ്പഷ്ടം' എന്നു പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി വിഎസും മറ്റു മന്ത്രിമാരും നാടിന്റെ താല്‍പ്പര്യമാണ് സംരക്ഷിക്കാന്‍ ശ്രമിച്ചത്. കോടതികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കുന്ന പാര്‍ടിപരിപാടി വായിച്ച് അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

അതതു കാലത്തെ പാര്‍ടി കോഗ്രസുകളുടെ രാഷ്ട്രീയ പ്രമേയവും നീതിപീഠത്തിന്റെയും മറ്റുഭരണകൂട സ്ഥാപനങ്ങളുടെയും സമകാലിക ദൌത്യത്തെ വിശദീകരിക്കുന്നുണ്ട്. സിബിഐയെ സംബന്ധിച്ച് വ്യക്തതയാര്‍ന്ന നിലപാട് സിപിഐ എമ്മിനുണ്ട്. മായാവതിയെ വേട്ടയാടിയും മുലായത്തെ രക്ഷപ്പെടുത്തിയും സമീപകാലത്ത് സിബിഐ നടത്തിയ രാഷ്ട്രീയക്കളികളെ സിപിഐ എം ശക്തമായി വിമര്‍ശിക്കുകയും അതിനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയുംചെയ്തു. ലാവ്ലിന്‍ പ്രശ്നത്തില്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തതയോടെ തിരിച്ചറിഞ്ഞാണ് പിബി നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.

ആ നിലപാട് പ്രചരിപ്പിക്കുകയും അതിന് അനുസരിച്ച് ഇടപെടുകയുമാണ് കമ്യുണിസ്റ്റുകാര്‍ ചെയ്യേണ്ടത്. വഹിക്കുന്ന പദവിയോടും സ്ഥാനത്തോടും നീതിപുലര്‍ത്തികൊണ്ട് പിബി അംഗംകൂടിയായ കോടിയേരി പാര്‍ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളെ ഉപയോഗിച്ചും അനാവശ്യമായ കേസുകള്‍ നല്‍കിയും പുകമറ സൃഷ്ടിക്കുന്നതിനും ആശയക്കുഴപ്പമുണ്ടാക്കുന്നതിനുമാണ് ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. എല്ലാ നുണപ്രചാരവേലകളെയും തകര്‍ത്തെറിഞ്ഞാണ് പാര്‍ടി മുന്നേറുന്നതെന്ന ആവേശകരമായ ചിത്രമാണ് നവകേരളമാര്‍ച്ചിനു ലഭിക്കുന്ന സമാനതകളില്ലാത്ത സ്വീകരണങ്ങള്‍. ഈ യാത്ര തകര്‍ന്നുപോകുമെന്നും ലാവ്ലിന്‍ നുണപ്രചാരവേലയില്‍ ഒഴുകിപ്പോകുമെന്നും സ്വപ്നംകണ്ട മലര്‍പ്പൊടിക്കാര്‍ നിരാശയിലാണ്.

വന്‍ ജനാവലിയാണ് നവകേരള മാര്‍ച്ചിനൊപ്പം അണിചേരുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പാര്‍ടിക്കൊപ്പം അണിചേരുകയാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ശക്തമായ പ്രചാരവേല നടത്തണമെന്ന പാര്‍ടി കേന്ദ്രകമ്മിറ്റി യോഗമെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ജാഥ സുരക്ഷിത ഇന്ത്യയുടെയും ഐശ്വര്യകേരളത്തിന്റെയും പുത്തന്‍പ്രതീക്ഷകളാണ് പങ്കുവയ്ക്കുന്നത്. നാട് ഈ പാര്‍ടിയെ പ്രതീക്ഷയോടെ നോക്കുകയാണ്. സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന, മതനിരപേക്ഷതയോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തുന്ന പാര്‍ടിയെയാണ് ജനം സ്നേഹിക്കുന്നത്.

നാടിനും ജനതയ്ക്കുംവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന പാര്‍ടിനേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന ഉറച്ച പ്രഖ്യാപനമാണ് മാര്‍ച്ചില്‍ കാണുന്നത്. തുടര്‍ച്ചയായി കേസുകള്‍ നല്‍കി അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരും. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഇപ്പോള്‍ ലോകായുക്തയുടെ ഉത്തരവില്‍ ഒഴുകിപ്പോയത്. ജനങ്ങളുടെ കോടതിയില്‍ അത് നേരത്തെതന്നെ വിധിയെഴുതിയ കേസാണ്.

വിഎസിനെതിരെ പാര്‍ട്ടി പത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X