രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ ദുഖമുണ്ടെന്ന് കരുണാകരന്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളില്‍ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ അതൃപ്‌തി പ്രകടിപ്പിച്ചു. മുന്‍ ധാരണ പ്രകാരം തനിക്ക് അവകാശപ്പെട്ടിരുന്നതാണ് രാജ്യസഭാ സീറ്റെന്ന് അദ്ദേഹം പറഞ്ഞു.
തനിയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കാത്തതുള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ രീതികളില്‍ ദുഖമുണ്ടെന്നും ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരകാലം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച എന്നോടിങ്ങനെ കാണിക്കുന്നതില്‍ ദുഖമുണ്ട്. പാര്‍ട്ടിവിട്ടപ്പോള്‍ രാജിവച്ച രാജ്യസഭാ സീറ്റ് തിരിച്ചുതരാമെന്ന ധാരണയിലാണ് മടങ്ങിവന്നത്. ഞാന്‍ മാറിയപ്പോഴാണ് എകെ ആന്റണി രാജ്യസഭാംഗമായത്.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത സമയത്ത് ഈ കാര്യങ്ങള്‍ പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ മടങ്ങിയെത്തിയിട്ട് ഒരു വര്‍ഷമായി. കൂടെയെത്തിയവര്‍ക്ക് ഒരു മണ്ഡലം പ്രസിഡന്റ് സ്ഥാനം പോലും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ അനുയായികള്‍ക്ക് വിഷമമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ രീതി പാര്‍ട്ടിയ്‌ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications