വര്‍ഗവഞ്ചകനെന്ന് പറഞ്ഞത് ചാറ്റര്‍ജിയെ: സുധാകരന്‍
ആലപ്പുഴ: ലാവലിന്‍ കേസില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ മന്ത്രി ജി സുധാകരന്‍ തിരുത്തി.
വ്യാഴാഴ്‌ച നടത്തിയ പ്രസംഗത്തില്‍ സുധാകരന്‍ വര്‍ഗവഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചത് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയാണെന്ന പിണറായി വിജയന്റെ ന്യായീകരണത്തിന് പിന്നാലെയാണ് ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ട് സുധാകരന്‍ സ്വയം തിരുത്തിയിരിക്കുന്നത്.
മന്ത്രിയോ എംഎല്‍എയോ ആയിക്കഴിഞ്ഞാല്‍ നിഷ്‌പക്ഷരാകുന്നവര്‍ മാര്‍ക്‌സിസ്റ്റുകാരല്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഒറ്റുകാരല്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ളതല്ല പാര്‍ട്ടിയെന്നും പിണറായി ഊതിക്കാച്ചിയ പൊന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരള സര്‍വ്വകലാശാലാ എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവേയാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു മണിക്കൂറിലേറെ നേരം നീണ്ടുനിന്ന പ്രസംഗത്തിലുടനീളം പിണറായിയെ രക്ഷിക്കുകയും വിഎസിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടാണ് സുധാകരന്‍ സ്വീകരിച്ചത്.












Click it and Unblock the Notifications