രാജു സഹോദരന്മാര്‍ക്ക് ജയിലില്‍ വിഐപി പരിഗണന
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന സത്യം കമ്പ്യൂട്ടേഴ്‌സ് മുന്‍ ചെയര്‍മാന്‍ രാമലിംഗരാജുവിനും സഹോദരന്‍ രാമരാജുവിനും ജയിലില്‍ വിഐപി പരിഗണന.
ശനിയാഴ്‌ച മുതലാണ് ഇവര്‍ക്ക് ജയില്‍ വിഐപി പരിഗണനയും സ്വകാര്യതയും ലഭിയ്‌ക്കുക. ഹൈദരാബാദിലെ ചഞ്ചലഗുഡ ജയിലിലാണ് രാജുസഹോദരന്മാര്‍ കഴിയുന്നത്. വെള്ളിയാഴ്‌ചവരെ ഇവര്‍ക്ക് സാധാരണ തടവുകാര്‍ക്ക് ലഭിയ്‌ക്കുന്ന അതേ സൗകര്യങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്.
വിഐപി പരിഗണനയുടെ ഭാഗമായി ഇവര്‍ക്ക് കോട്ട്, തലയിണ, പ്രത്യേക കിടക്കവിരി, കൊതുകുവല എന്നിവ ലഭിയ്‌ക്കും. കൂടാതെ പ്രത്യേക അടുക്കള, കുളിമുറി, പത്രങ്ങള്‍ ആവശ്യമെങ്കില്‍ സിഗരറ്റ് എന്നിവയും നല്‍കുമെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.
താല്‍പര്യമുണ്ടെങ്കില്‍ ഇവര്‍ക്ക് ഭക്ഷണത്തിന് മാംസവിഭവങ്ങള്‍ നല്‍കും. ഈ സൗകര്യങ്ങള്‍ക്കെല്ലാം പുറമേ ഒരു കളര്‍ടിവി വേണമെന്ന് രാജുവും സഹോദരനും ആവശ്യപ്പെട്ടിട്ടുണ്ടത്രേ. സംസ്ഥാന സര്‍ക്കാറാണ് ഇത് നല്‍കേണ്ടത്. ഫോണ്‍ ഉപയോഗിക്കുന്നതിന് മാത്രമേ ഇവര്‍ക്കിപ്പോള്‍ തടസ്സമുള്ളു.
ജനുവരി 9നാണ് രാമലിംഗരാജു പൊലീസില്‍ കീഴടങ്ങിയത്. തുടര്‍ന്നാണ് സത്യത്തില്‍ ഉദ്യോഗസ്ഥനായിരുന്ന സഹോദരന്‍ രാമരാജുവിനെയും പൊലീസ് അറസ്റ്റുചെയ്യുന്നത്. ഹൈദരാബാദ് ലോവര്‍ കോടതിയാണ് ഇവര്‍ക്ക് വിഐപി പരിഗണന നല്‍കാന്‍ അനുവാദം നല്‍കിയത്.












Click it and Unblock the Notifications