വാജ്പേയി വെന്റിലേറ്ററില്‍
ദില്ലി: ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്വാസകോശത്തില്‍ അണുബാധയേറ്റതാണ് അദ്ദേഹത്തിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയോടെയാണ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ച കാര്യം വ്യക്തമായതെന്ന് അദ്ദേഹത്തെ പരിചരിയ്ക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തലവന് ഡോ. സമ്പത്ത് കുമാര്‍ പറഞ്ഞു.എന്നാല്‍ അദ്ദേഹത്തിന്റെ രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നെഞ്ചു വേദനയെ തുടര്‍ന്ന് വാജ്പേയിയെ ചൊവ്വാഴ്ച രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടയുടന്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ഡോ. രണ്‍ദീവ് നേതൃത്വത്തില്‍ ആറു ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എണ്‍പത്തിനാലുകാരനായ വാജ്പേയി.