ടോട്ടല്‍ തട്ടിപ്പ് : കോടിയേരിയ്‌ക്കെതിരെ മൊഴി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ് കേസില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരെ മൊഴി. കേസിലെ പത്താം പ്രതിയായ കൊല്ലം സ്വദേശി ഡോക്ടര്‍ രമണിയാണ് കോടിയേരിയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ശബരിനാഥിന് കോടിയേരി, മകന്‍ ബിനീഷ് കോടിയേരി, ആരോഗ്യമന്ത്രി പികെ ശ്രീമതിയെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് രമണി ആരോപിച്ചു.
മന്ത്രി പുത്രന്മാര്‍ക്കെതിരെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് വാഗ്‌ദാനം ചെയ്‌തിരുന്നതായും രമണി പറഞ്ഞു.
ശബരിനാഥ്, പിതാവ് രാജന്‍, സന്തോഷ് എന്നിവെര പ്രതിയാക്കി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എസ് ഗോപാലകൃഷ്‌ണന്‍ മുമ്പാകെയാണ് രമണി വെളിപ്പെുടത്തലുകള്‍ നടത്തിയത്. മന്ത്രി കോടിയേരിയുടെ ഉപദേശം സ്വീകരിച്ചാണ് ശബരിനാഥ് കാറുകള്‍ വാങ്ങിക്കൂട്ടിയതെന്നും അവര്‍ ആരോപിച്ചു.
ടൂറിസം വകുപ്പ് മുഖേന ഈ കാറുകള്‍ വാടകയ്‌ക്ക് നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ആരോഗ്യമന്ത്രിയുടെ മകന്‍ ശബരീനാഥിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിയാണ്. ബിനീഷ് കോടിയേരി അഭിനയിച്ച കുരുക്ഷേത്രയെന്ന ചിത്രത്തില്‍ ശബരി പണം നിക്ഷേപിച്ചിട്ടുണ്ട്.
ഭര്‍ത്താവുമൊത്ത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പോയി മടങ്ങുമ്പോള്‍ ഭര്‍ത്താവിന്റെ ഫോണിലേയ്‌ക്ക് ഒരു സ്‌ത്രീവിളിച്ച് രണ്ട് കോടി രൂപ സിപിഎം നേതാക്കള്‍ക്ക് നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും രമണി മൊഴി നല്‍കിയിട്ടുണ്ട്. ബാലന്‍ അങ്കിള്‍ എന്നായിരുന്നു ശബരി കോടിയേരിയെ വിളിച്ചിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴി നല്‍കുന്നതിനിടെ രമണിയ്‌ക്ക് തളര്‍ച്ചഅനുഭവപ്പെട്ടിരുന്നു. കേസ് 16ന് കോടതി പരിഗണിയ്‌ക്കും.












Click it and Unblock the Notifications