ലാവലിന്‍ കരാര്‍ ഗുരുതരമായ തെറ്റാണെന്ന് ബാലാനന്ദന്റെ കത്ത്
തിരുവനന്തപുരം: ലാവലിന്‍ ഇടപാട് തികഞ്ഞ തെറ്റും അഴിമതിയുമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം മുന്‍ പൊളിറ്റ്‌ബ്യൂറോ അംഗം ഇ ബാലാനന്ദന്‍ പിബിയ്‌ക്കു നല്‍കിയ കത്ത് പുറത്തായി.
പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ബാലാനന്ദന്റെ കത്ത് പുറത്തുവിട്ടുകൊണ്ട് ലാവലിന്‍ എന്ന എരിതീയില്‍ എണ്ണ പകര്‍ന്നിരിക്കുന്നത്. കത്തിലെ വിശദാംശങ്ങള്‍ മിക്കതും പുറത്തുവന്നതോടെ പിണറായി പക്ഷം കടുത്ത സമ്മര്‍ദ്ദത്തിലായി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും അക്കമിട്ടുനിരത്തുന്നതാണ് ബാലാനന്ദന്റെ കത്ത്.
പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയ കരാറാണിതെന്ന് കത്തിന്റെ ഉപസംഹാരത്തില്‍ ബാലാനന്ദന്‍ തുറന്നടിയ്‌ക്കുന്നു. വിഎസിനെ പിന്തുണയ്‌ക്കുന്ന ജനശക്തി വാരികയാണ് ബാലാനന്ദന്റെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇടതുമുന്നണിയുടെ കരാര്‍ യുഡിഎഫിന്റെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ തുടര്‍ച്ചയാണെന്നും അതിനേക്കാള്‍ മെച്ചമാണെന്നും യഥാര്‍ത്ഥ പ്രതി യുഡിഎഫ് ആണെന്നുമുള്ള സിപിഎമ്മിന്റെ വാദങ്ങളെ ആകെ തള്ളുന്നതാണ് അടുത്തിടെ അന്തരിച്ച ബാലാനന്ദന്‍ നാലുവര്‍ഷം മുമ്പ് അയച്ച കത്ത്.
കരാറിന്റെ നാള്‍വഴികള്‍ ഓരോന്നും വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് പാര്‍ട്ടിയ്‌ക്കു തെറ്റുപറ്റിയെന്ന് ബാലാനന്ദന്‍ സമര്‍ത്ഥിയ്‌ക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിരാകരിക്കപ്പെട്ടതിലുള്ള നിര്‍ദേശങ്ങള്‍ നിരാകരിച്ചതിലുള്ള പ്രതിഷേധവും കത്തിലുണ്ട്.
നാം ഗൗരവതരമായ തെറ്റുചെയ്‌തിരിക്കുന്നുവെന്നു പറയാതെവയ്യ എന്ന ആമുഖത്തോടെയാണ് ബാലാനന്ദന്‍ കരാറിന്റെ വിശദാംശങ്ങളിലേയ്‌ക്ക് കടക്കുന്നത്. ആത്യന്തികമായി വന്‍ നഷ്ടത്തിന്റെയും കേടുപാടുകളുടെയും ബാധ്യത സംസ്ഥാന ഏറ്റെടുക്കുകയാണ്. ഒപ്പം നമ്മുടെ പാര്‍ട്ടിയുടെ മുഖവും നഷ്ടപ്പെട്ടതായി ബാലാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു.
നവകേരളയാത്രയുമായി മുന്നേറുന്ന പിണറായി പക്ഷത്തിന് ബാലാനന്ദന്റെ കത്ത് തലവേദന സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ബാലാനന്ദന്‍ തയ്യാറാക്കുകയും പാര്‍ട്ടി പരിഗണിക്കാതിരിക്കുകയും ചെയ്‌ത ഒരു റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയെത്തന്നെ വിവാദത്തിലാക്കുന്നതിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications