ബാലാനന്ദന്‍റെ കത്തിലെ പ്രസക്തഭാഗങ്ങള്‍
ലാവലിന്‍ കരാര്‍ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇ ബലാനന്ദന്‍ പിബിയ്ക്ക് നല്‍കിയ കത്തിലെ പ്രസക്തഭാഗങ്ങള്‍
'ടെന്‍ഡറിലൂടെയോ വിദഗ്ധാഭിപ്രായപ്രകാരമോ യന്ത്രസാമഗ്രികളുടെ വില ന്യായമായതാണോ എന്ന് ആരാഞ്ഞില്ല. വാഗ്ദാനം ചെയ്യപ്പെട്ട ഗ്രാന്റിന്റെ കാര്യം കരാര്‍ പോലെ സാധുതയുള്ള രേഖകളിലൊന്നും കാണാനുമില്ല.
എസ്എന്‍സിയുമായുള്ള മന്ത്രിതല സംഘത്തിന്റെ ചര്‍ച്ചയ്ക്കിടയില്‍ യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചത് ഒരുതരത്തിലുമുള്ള സാങ്കേതികമോ വാണിജ്യപരമോ ആയ സൂക്ഷ്മ പരിശോധനയ്ക്കുശേഷമല്ലെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ സിപിഎം മന്ത്രിസഭ വന്നയുടനെ കോണ്‍ഗ്രസിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടു ടെന്‍ഡറുകള്‍ ഒഴിവാക്കി ഇലക്ട്രോ മെക്കാനിക്കല്‍ യന്ത്രസാമഗ്രികള്‍ ക്ളിപ്ത വിലയുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഇടനിലക്കാരനുമായി ധാരണയുണ്ടാക്കുകയും ചെയ്തു.
അക്കൌണ്ടന്റ് ജനറല്‍ ചൂണ്ടിക്കാട്ടിയതുപോലെ നടപടിക്രമങ്ങളില്‍നിന്നു വ്യതിയാനങ്ങളുണ്ടായി. മാത്രമല്ല വൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണം, നവീകരണം എന്നിവ സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ അവഗണിക്കുകയുമായിരുന്നു.... ഈ നിബന്ധനകള്‍ നമ്മുടെ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണു പൂര്‍ത്തീകരിക്കപ്പെട്ടത്.
അതായത് ഈ നാണംകെട്ട ഇടപാടില്‍നിന്ന് എളുപ്പം നിയമപരമായി പുറത്തുവരാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിക്കാനും കഴിയുമായിരുന്നു. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ബോര്‍ഡ് അന്തിമ കരാര്‍ ഒപ്പുവച്ചത്, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു വെറും പത്തു ദിവസത്തിനു ശേഷമാണ്.
മലബാര്‍ കാന്‍സര്‍ സെന്ററിനായി എസ്എന്‍സി നല്‍കാമെന്നേറ്റ ഗ്രാന്റിന്റെ ആകര്‍ഷണീയത ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വിഷയത്തിലും സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ തള്ളിക്കളയുന്നതിനുള്ള ആധികാരികമായ വിശദീകരണങ്ങളൊന്നും എനിക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോഴാകട്ടെ കാന്‍സര്‍ സെന്ററിന് എട്ടുകോടി രൂപ മാത്രമേ ലഭിച്ചുള്ളൂ. ആത്യന്തികമായി വന്‍നഷ്ടത്തിന്റെയും കേടുപാടുകളുടെയും ബാധ്യത സംസ്ഥാനവും രാജ്യവും ഏറ്റെടുക്കുകയാണ്. ഒപ്പം നമ്മുടെ പാര്‍ട്ടിയുടെ മുഖവും നഷ്ടപ്പെട്ടു- ബാലാനന്ദന്‍ പറയുന്നു.












Click it and Unblock the Notifications