മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് മദ്യപന്മാര്‍ അഴിഞ്ഞാടി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് മദ്യപിച്ചെത്തിയ രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രശ്‌നം സൃഷ്ടിച്ചു.
എമിറേറ്റ്‌സ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ കൊല്ലം അഴീക്കല്‍ സ്വദേശി രഘു(41), സുഹൃത്ത് അല്‍ജലാഖ്(30) എന്നിവരെ എയര്‍പോര്‍ട് അധികൃതര്‍ പിടികൂടി വലിയതുറ പൊലീസില്‍ ഏല്‍പ്പിച്ചു. അല്‍ജലാഖിന് ബ്രിട്ടീഷ് പൗരത്വമുണ്ട്.
ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. നന്നായി മദ്യപിച്ചിരുന്ന ഇവര്‍ വിമാനത്താവള ജീവനക്കാരെ ചീത്തവിളിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. ഇതിനിടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ചിലരെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ഇവരെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഇരുവരെയും കൂട്ടിക്കൊണ്ടുപോകാനായി വിമാനത്താവളത്തില്‍ ഒരു സ്‌റ്റേറ്റ് കാര്‍ എത്തിയിരുന്നുവെന്നും പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്ന് ഈ കാര്‍ മടങ്ങിപ്പോവുകയായിരുന്നുവെന്നും സൂചനയുണ്ട്.
ഇത് ഇവര്‍ മന്ത്രിപുത്രന്റെ കൂട്ടുകാര്‍ തന്നെയാണോയെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്. രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നതായി വലിയതുറ പൊലീസ് പറഞ്ഞു. കേസെടുത്തശേഷം ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications