ഗള്‍ഫ് ഉപേക്ഷിച്ച് മലയാളികള്‍ നാട്ടിലേക്ക്
മനാമ: ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. മാന്ദ്യം ഏറ്റവുമധികം ബാധിച്ച ദുബായില്‍ നിന്നാണ് പ്രവാസി തൊഴിലാളികള്‍ കൂടുതലും നാട്ടിലേക്ക് മടങ്ങുന്നത്. എണ്ണ വിപണയിലുണ്ടായ തകര്‍ച്ച ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യം ഏറ്റവുമാദ്യം കടന്നാക്രമിച്ച നിര്‍മാണ മേഖലയില്‍ വന്‍ ശംബളം പറ്റുന്ന പ്രൊജക്ട് എഞ്ചിനീയര്‍മാരെയാണ് ദുബായില്‍ ആദ്യം പിരിച്ചുവിടാന്‍ തുടങ്ങിയത്. ഇപ്പോള്‍ താഴെ തട്ടിലുള്ള ഡ്രാഫ്‌റ്റ്‌സ് മാന്‍, ലേബര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെയും പിരിച്ചു വിടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ബാങ്കിംഗ് മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതിനാല്‍ ഉയര്‍ന്ന ശംബളം ലഭിയ്‌ക്കുന്ന ജോലിക്കാരും പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ സെയില്‍സ് മാര്‍ക്കറ്റിങ് സ്റ്റാഫുകളാണ് തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നത്.
യുഎഇ വിസാ നിയമ പ്രകാരം ജോലി നഷ്ടപ്പെട്ടാല്‍ ഒരു മാസത്തിനകം വിസ റദ്ദാക്കണമെന്നാണ് നിയമം. എന്നാല്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് മറ്റൊരു ജോലി കണ്ടെത്താനായി മൂന്ന് മാസം വരെ സമയം അനുവദിയ്‌ക്കാറുണ്ട്. ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ മിക്കവരും ദീര്‍ഘ കാല അവധിയിലാണ് നാട്ടിലേക്ക് പോകുന്നത്. പ്രതിസന്ധി ശമിയ്‌ക്കുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഗള്‍ഫ്
വിടുന്നത്.
ഗള്‍ഫ് മേഖലയില്‍ ഈ മാര്‍ച്ചിനകം മൂന്ന് ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന കമ്പനികള്‍ തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ എയര്‍ലൈനുകളില്‍ മൊത്തമായി ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് .
ഇന്ത്യന്‍ എയര്‍ലൈന്‍സിന് ശനിയാഴ്‌ച വരെ ഇന്ത്യയിലേക്ക് 20,000 ബുക്കിംഗുകളാണ് കമ്പനികളില്‍ നിന്നും നേരിട്ട് ലഭിച്ചത്. വായ്‌പയുള്ളതിനാല്‍ കാറുകള്‍ വിമാനത്താവളങ്ങളില്‍ താക്കോല്‍ സഹിതം ഉപേക്ഷിച്ചാണ് പല കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങുന്നത്.
പത്ത് ലക്ഷത്തിന് മുകളില്‍ ഇന്ത്യക്കാരാണ് യുഎഇയിലുള്ളത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെക്കാള്‍ ദീര്‍ഘകാല അവധിയ്‌ക്കാണ് മുന്‍ഗണന നല്‌കുന്നത്.
ഇതിന് പുറമെ അധികമുള്ള തൊഴിലാളികളെ അബുദാബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികളിലേക്ക് പുനരധിവസിപ്പിയ്‌ക്കാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications