വിഴിഞ്ഞം സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: വിഴിഞ്ഞം തുറുമുഖത്തിന്റെ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സൂം ഡെവലപ്പെഴ്സിനെ ഉള്‍പ്പെടുത്തി കരാര്‍ നടപടികള്‍ പുനരാരംഭിയ്ക്കണം. നടപടികള്‍ തുടങ്ങാന്‍ 15 ദിവസത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ടെണ്ടര്‍ തള്ളിയ വിദഗ്ധ സമിതിയുടെ തീരുമാനം ഔദ്യോഗികമല്ലെന്ന സൂമിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ലോ സെക്രട്ടറി അടങ്ങുന്ന വിദഗ്ധ സമിതിയുടെ തീരുമാനം അനൗദ്യോഗികമാണെന്ന് സൂം കോടതിയില്‍ വ്യക്തമാക്കി. സൂം ഡെവലപ്പേഴ്സിനെ ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറുമുഖത്തിന്റെ കരാര്‍ നടപടികള്‍ വീണ്ടും നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരും തുറുമുഖ ട്രസ്റ്റും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തുറുമുഖ പദ്ധതിയുടെ കരാര്‍ ലാന്‍കോ കൊണ്ടപ്പള്ളിക്ക് നല്‍കിയതിനെ ചോദ്യം ചെയ്തു സൂം ഡെവലപ്പേഴ്സ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
സുപ്രീം കോടതി വിധി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് സൂം ഡെവലപ്പേഴ്സ് പ്രതിനിധികള്‍ പറഞ്ഞു.












Click it and Unblock the Notifications