ബാലാനന്ദന്റെ കത്ത് പിബിയില്‍ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ലാവലിന്‍ വിഷയത്തില്‍ ഇ. ബാലാനന്ദന്‍ അയച്ച കത്തിനെക്കുറിച്ച് 14ന് ചേരുന്ന പോളിറ്റ്‌ബ്യൂറോയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
എന്റെ നിലപാടുകള്‍ പിബിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. അധികമെന്തെങ്കിലും അറിയണമെങ്കില്‍ പോളിറ്റ് ബ്യൂറോയോട് ചോദിയ്‌ക്കണം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട വിഎസ് മുന്‍നിലപാടുകളില്‍ ഉറച്ചു നില്‌ക്കുകയാണെന്ന സൂചനയാണ് നല്‌കിയത്.
എന്നാലിത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളോ അടുത്ത നടപടികളോ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ബാലാനന്ദന്റെ കത്ത് വ്യാജമാണെന്ന പിബിയുടെയും പിണറായിയുടെയും അവകാശവാദത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും കത്തിന്റെ നിജസ്ഥിതിയെപ്പറ്റി പിബി ചര്‍ച്ചയില്‍ പറഞ്ഞോളാമെന്നായിരുന്നു വിഎസിന്റെ മറുപടി.
പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് നീങ്ങുകയാണോയെന്ന ചോദ്യത്തിന് ഇക്കാര്യം വിപുലമായ ചര്‍ച്ചാ വിഷയമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും വിഎസ് വ്യക്തമാക്കി.
മന്ത്രി പുത്രന്‍മാര്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications