ഗോമൂത്രത്തില്‍ നിന്നും ശീതളപാനീയവുമായി ആര്‍എസ്‌എസ്
ദില്ലി: ബഹുരാഷ്ട്ര കുത്തക കമ്പനികളായ കോളയും പെപ്‌സിയും ഉള്‍പ്പെടെയുള്ള ശീതളപാനീയ കമ്പനികള്‍ ഒരു പക്ഷേ ഇനി കുത്തുപാളയെടുത്തേയ്‌ക്കും. ഇതിനു തക്ക പ്രവര്‍ത്തനങ്ങളുമായിട്ടാണ് ആര്‍എസ്‌എസിന്റെ ഗോ സംരക്ഷണ സമിതി മുന്നോട്ടുവന്നിരിക്കുന്നത്.
പശുവിന്റെ പാല്‍ മാത്രമല്ല മൂത്രവും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഇവര്‍ പറയുന്നത്. പറയുക മാത്രമല്ല ഗോമൂത്രം കൊണ്ട് ശീതള പാനീയം നിര്‍മ്മിക്കുകയും ചെയ്‌തിരിക്കുന്നു. 'ഗോ ജല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പാനീയത്തിന് ഗോമൂത്രത്തിന്റെ ദുര്‍ഗന്ധമില്ലെന്നും വളരെ സ്വാദിഷ്ടമാണെന്നുമാണ് സമിതിക്കാര്‍ പറയുന്നത്.
കീടനാശിനികളും രാസവസ്‌തുക്കളും കലരാതെ തികച്ചും പ്രകൃതി ദത്തമായിട്ടാണത്രേ പാനീയം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ അന്ത്യഘട്ട പരീക്ഷണങ്ങള്‍ പരീക്ഷണ ശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗോ സംരക്ഷണ സമിതി തലവന്‍ ഓം പ്രകാശ് പറഞ്ഞു.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഗോ ജല്‍ ഉത്തമ ഔഷധമാണെന്നും 2009 അവസാനത്തോടെ ഇത് വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വില്‍ക്കുന്നതിനൊപ്പംതന്നെ കയറ്റുമതി നടത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ടത്രേ.
പശുവിനെ ഗോമാതാവായി കാണുന്നതാണ് ഭാരത സംസ്‌കാരം. പാലിലും പാലുല്‍പന്നങ്ങളിലും മാത്രമല്ല ഗേമൂത്രത്തിനും ഔഷധഗുണമുണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കിലും പെപ്‌സിയും കോളയുമൊക്കെ അടക്കിവാഴുന്ന ശീതള പാനീയ വിപണിയില്‍ ഗോമൂത്രത്തില്‍ നിന്നുള്ള ഈ ശീതള പാനീയം എത്രകണ്ട് സ്വീകരിക്കപ്പെടുമെന്നകാര്യം കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications