മംഗളം പത്രത്തിന്‍റെ പാലക്കാട് ഓഫീസ് തകര്‍ത്തു
പാലക്കാട്: മംഗളം ദിനപ്പത്രത്തിന്റെ പാലക്കാട് ജില്ലാ ഓഫീസ് ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്തു.
വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെ അമ്പതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സിപിഎം അനുഭാവികളാണ് സംഭവത്തിനുപിന്നിലെന്ന് മംഗളം ജീവനക്കാര്‍ ആരോപിച്ചു.
സംഘം ഓഫീസിന്റെ മുന്‍വശത്തെ ചില്ലും ബോര്‍ഡുകളും തകര്‍ത്തു. അടുത്തുള്ള മംഗളം ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ചില്ലുകളും തകര്‍ത്ത സംഘം ഇവിടെയുണ്ടായിരുന്ന ആംബുലന്‍സും അടിച്ചുതകര്‍ത്തിട്ടുണ്ട്.
മംഗളത്തിലെ ഡ്രൈവറെ മര്‍ദ്ദിക്കാനും വാഹനം കത്തിക്കാനും അക്രമികള്‍ ശ്രമിച്ചിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. സിപിഎമ്മിനെതിരെ വാര്‍ത്ത എഴുതിയെന്ന പേരില്‍ വെള്ളിയാഴ്ച മംഗളം ലേഖകനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി. ഉണ്ണി ഫോണില്‍ വിളിച്ചു രണ്ടുതവണ വധഭീഷണിമുഴക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.
മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയില്‍ സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്നതിനെതുടര്‍ന്നു വന്നവാര്‍ത്തയെ സംബന്ധിച്ച് തിരക്കിയതിനു ശേഷമായിരുന്നു എഴുതുന്ന കൈവെട്ടുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണി.
തുടര്‍ന്നു മംഗളം തൃശൂര്‍ ഓഫീസില്‍നിന്നു ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ഭീഷണിവന്ന നമ്പരിലേക്കു തിരിച്ചു വിളിച്ചപ്പോള്‍ താന്‍ സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും ലേഖകനെ വിളിച്ചിരുന്നെന്നും മറുതലയ്ക്കല്‍ നിന്നും മറുപടി വന്നു.
രാത്രി പത്തോടെ ലേഖകനെ അന്വേഷിച്ചു രണ്ടു പേര്‍ മംഗളം ബ്യൂറോയില്‍ വരികയും വീണ്ടും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
സംഭവത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അപലപിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വയലാര്‍ രവി എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.












Click it and Unblock the Notifications