വിഎസ് വീണ്ടും മൗനം തുടങ്ങി
കൊച്ചി: നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല.
വിഎസ് വന്ന വിമാനം വൈകിയാണ് നെടുമ്പാശേരിയില്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ വിഐപി മുറിയില്‍ അരമണിക്കൂര്‍ വിശ്രമിച്ചശേഷം ടെര്‍മിനലിന് പുറത്തിറങ്ങിയ വിഎസ് തന്നെ കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശിയ ശേഷം വേഗത്തില്‍ കാറില്‍ കയറാന്‍ ശ്രമിച്ചു.
ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് എല്ലാം ഞാന്‍ ദില്ലിയില്‍ പറഞ്ഞിട്ടുണ്ട് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു വിഎസ് പ്രതികരിച്ചത്. ഇതിന് ശേഷം ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയ്‌ക്കെത്തിയപ്പോഴും ലാവലിന്‍ പ്രശ്‌നത്തില്‍ വിഎസ് മൗനം ഭജിച്ചു.
വിഎസ് എത്തിയപ്പോള്‍ ജന്മനാട്ടിലെ അണികളില്‍ ആവേശം അണപൊട്ടി. നിലയ്‌ക്കാത്ത മുദ്രാവാക്യങ്ങളും കയ്യടികളും കൊണ്ട് അവര്‍ നേതാവിനുള്ള പിന്തുണ അറിയിച്ചു. അമ്പലപ്പുഴയിലെ പുറക്കാട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐടി-വാട്ടര്‍ തീം പാര്‍ക്കിന്റെ ശിലാസ്ഥാപനത്തിനായിട്ടാണ് ഞായറാഴ്‌ച സന്ധ്യയോടെ വിഎസ് ജന്മനാട്ടിലെത്തിയത്.
മുദ്രാവാക്യങ്ങള്‍ വീണ്ടും വീണ്ടും മുഴക്കിയ അണികളോട് വിഎസ് മതിയാക്കാന്‍ പറയുകയായിരുന്നു. എന്നിട്ടും മുദ്രാവാക്യംവിളി തുടര്‍ന്നവരെ ജില്ലാ സെക്രട്ടറി പികെ ചന്ദ്രാനന്ദന്‍ അടുത്തുചെന്നു വിലക്കി. വിഎസ് പ്രസംഗിക്കുന്നതിനിടയിലും മുദ്രാവാക്യം വിളികള്‍ മുഴങ്ങി. വേദിയില്‍ സംസാരം നടക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്ന ശീലം നല്ലതല്ലെന്ന് വിഎസ് പറഞ്ഞു.
ലാവലിന്‍ പ്രശ്‌നത്തെക്കുറിച്ച് വിഎസ് പ്രസംഗത്തില്‍ ഒരക്ഷരം പോലും പറഞ്ഞില്ലയ ചടങ്ങിനെത്തിയ മന്ത്രി ജി സുധാകരന്‍ വി.എസിനെ വാനോളം പുകഴ്‌ത്തിക്കൊണ്ടാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ സമരചരിത്രം മുഴുവന്‍ സുധാകരന്‍ പ്രസംഗത്തിനിടെ വിവരിച്ചു.
പിബി യോഗത്തിന് ശേഷം ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിഎസ് ഒറ്റയാന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ സമരങ്ങളെല്ലാം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമുള്ളവയായിരുന്നുവെന്നും പിണറായി പറഞ്ഞതും ഇതിന്റെ ഭാഗമായിട്ടുവേണം കരുതാന്‍.


Click it and Unblock the Notifications