വിഎസിനെ വിമോചകനായി കാണേണ്ടെന്ന് ഗൗരിയമ്മ
ആലപ്പുഴ: നിലവിലുള്ള സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ് അഴിമതിക്കെതിരെ പോരാടാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തയ്യാറാവുകയില്ലെന്ന് ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ അഭിപ്രായപ്പെട്ടു.
ലാവലിന്‍ വിഷയത്തില്‍ വിഎസ് സ്വീകരിച്ച നിലപാടില്‍ പുതുമയൊന്നുമില്ല. അദ്ദേഹത്തില്‍ വിമോചകനെ കണ്ടെത്തുന്നവര്‍ ഇനിയും നിരാശപ്പെടുമെന്നും ഗൗരിയമ്മ പറഞ്ഞു. തിങ്കളാഴ്‌ച ജെഎസ്‌എസ് സംസ്‌ഥാന കമ്മിറ്റിയില്‍ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിയ്‌ക്കുകയായിരുന്നു അവര്‍.
അഴിമതിക്കെതിരെ സമരം ചെയ്യാനുള്ള ആര്‍ജ്ജവം സിപിഎമ്മിനില്ല. ഇത് 94ല്‍ ബോധ്യപ്പെട്ടപ്പോഴാണ് ജെഎസ്‌എസ് രൂപീകരിക്കപ്പെട്ടത്. ഇക്കാര്യം അന്നും ഇന്നും വിഎസിന് ബോധ്യപ്പെട്ടിട്ടില്ല. സ്വന്തം പാര്‍ട്ടിയില്‍ വേണം ആദ്യം ശുദ്ധീകരണം നടത്തേണ്ടത്.
പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളില്‍ ഒന്നില്‍പോലും സിപിഎം ശരിയായ നിലപാട് എടുത്തിട്ടില്ല- അവര്‍ കുറ്റപ്പെടുത്തി.
ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയതായി തെളിവുകളുണ്ട്. സിബിഐ ആരോപിക്കുന്ന കുറ്റം ശരിയല്ലെങ്കില്‍ അക്കാര്യം നിയമപരമായി ബോധ്യപ്പെടുത്തണം.
പിണറായി പാര്‍ട്ടിസെക്രട്ടറി സ്ഥാനം രാജിവയ്‌ക്കണമോയെന്നത് സിപിഎമ്മിന്റെ ധാര്‍മിക നിലവാരവുമായി ബന്ധപ്പെട്ടകാര്യമാണ്- ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications