പോരാട്ടങ്ങള്‍ തുടങ്ങിയത് സ്വന്തം നിലയ്‌ക്കാണെന്ന് വിഎസ്
തിരുവനന്തപുരം: അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടങ്ങളെല്ലാം താന്‍ തനിച്ച് ഏറ്റെടുത്തവയാണെന്നും പാര്‍ട്ടി പിന്നീട് അവയെ പിന്തുണയ്‌ക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
തന്റെ പോരാട്ടങ്ങള്‍ക്ക് ജനം പിന്തുണ നല്‍കിയിട്ടുണ്ടെന്നും വിഎസ് പറഞ്ഞു. കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസ് അച്യുതാനന്ദന്‍ ഒറ്റയാന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടില്ലെന്നും അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതാണെന്നുമുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായിട്ടാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.
പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞായറാഴ്‌ച ദില്ലിയില്‍ വച്ചാണ് അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് വിഎസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതുപ്രകാരമാണെന്ന് പിണറായി പ്രസ്‌താവിച്ചത്.
അഴിമതിക്കെതിരായി പോരാട്ടം തുടരുമെന്ന് പറഞ്ഞതില്‍ ലാവലിന്‍ കേസും ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന് മറുപടിപറയവേയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം തീരുമാനപ്രകാരമുള്ളതായിരുന്നുവെന്ന് വിഎസ് പറഞ്ഞത്.
താന്‍ കൈകാര്യംചെയ്‌ത മൂന്ന് അഴിമതിക്കേസുകളുടെ ചരിത്രം നേരത്തേ വിശദീകരിച്ചതാണെന്ന് പറഞ്ഞ വിഎസ് ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്ക് ശിക്ഷലഭിച്ചുവെന്നും പറഞ്ഞു. ബ്രഹ്മപുരം കേസിന്റെയും പാമോയില്‍ കേസിന്റെയും കാര്യങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലാവലിന്‍ കേസിനെക്കുറിച്ച് വീണ്ടും ചോദ്യം വന്നപ്പോള്‍ ഈ വക കാര്യങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടില്‍ നിന്നും എല്ലാവര്‍ക്കും കാര്യം മനസ്സിലാക്കാവുന്നതേയുള്ളുവെന്നാണ് വിഎസ് മറുപടി പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം വാര്‍ത്താസമ്മേളനം മതിയാക്കി എഴുന്നേല്‍ക്കുകയും ചെയ്‌തു.












Click it and Unblock the Notifications