പ്രശ്‌നം സര്‍ക്കാരിന്റെ ഉദാസീനത: ടീകോം
ദുബൈ: ആഗോള സാമ്പത്തിക മാന്ദ്യം സ്‌മാര്‍ട്ട് സിറ്റിയെ ബാധിയ്‌ക്കില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോം സിഇഒ ഫരീദ് അബ്ദുറഹ്മാന്‍. സാമ്പത്തിക മാന്ദ്യമല്ല, മറിച്ച് സര്‍ക്കാരിന്റെ ഉദാസീനതയാണ് കാലതാമസത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സ്‌മാര്‍ട്ട് സിറ്റിയുടെ നടത്തിപ്പുകാരായ ടീകോമിനെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചുവെന്നും ഇതാണ് പദ്ധതി വൈകുന്നതിന് പിന്നിലെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇതാണ് വിശദീകരണവുമായി രംഗത്തെത്താന്‍ സ്‌മാര്‍ട്ട് സിറ്റി അധികൃതരെ പ്രേരിപ്പിച്ചത്.
പദ്ധതി വൈകാനുള്ള ഒരു നടപടികളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്‌മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കായുള്ള 136 ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍, ഇത് സംബന്ധിച്ച പാട്ട ഉടമ്പടി. പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമാകാത്തതാണ് പദ്ധതി വൈകുന്നതിന് പിന്നില്‍. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉദാസീനത അവസാനിപ്പിയ്‌ക്കണം. സര്‍ക്കാര്‍ തുടരുന്ന നിലപാട് ആര്‍ക്കും ഗുണകരമാകില്ല.
പദ്ധതിയ്‌ക്ക് വേണ്ടി കോടിക്കണക്കിന് പണം മുടക്കിയ സാഹചര്യങ്ങളില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications