യുവമോര്‍ച്ച ചാണകം തളിച്ചു; സിഐടിയു ആട്ടിത്തുപ്പി
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്‌ച രാത്രി പ്രസംഗിച്ച തിരുനക്കര മൈതാനത്തെ വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. വിവരമറിഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവുമായി എത്തിയതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.
തുടര്‍ന്ന് ഇവര്‍ വേദിയില്‍ ചാണകവെള്ളം തളിച്ചവരെ വെല്ലുവിളിച്ച് ആട്ടിത്തുപ്പി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.
യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് വ്യാഴാഴ്‌ച വേദി ശുദ്ധീകരിക്കാനെന്ന പേരില്‍ ചാണകവെള്ളം തളിച്ചത്. രാവിവെ 11 മണിയോടെയാണ് യുവമോര്‍ച്ച ജില്ലാ പ്രിസിഡന്റ് എന്‍ ഹരിയുടെയും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എല്‍കെ നാരായണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനത്തില്‍ എത്തിയത്.
ഈ സമയത്ത് രണ്ട് പൊലീസുകാര്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. മൈതാനത്തിനുള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ പ്രസംഗവേദിയില്‍ ചാണകവെള്ളം തളിച്ചശേഷം പ്രകടനമായി തിരുനക്കര ക്ഷേത്രത്തിന് സമീപത്തേയ്‌ക്ക് പോയി.
വിവരമറിഞ്ഞ് പ്രതിഷേധപ്രകടനവുമായെത്തിയ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബിഎംഎസിന്റെ ബോര്‍ഡും ബിജെപിയുടെ കൊടിമരവും തകര്‍ത്തു.
തുടര്‍ന്ന് ഡിവൈഎസ്‌പി പികെ മധുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ പിണറായി പ്രസംഗിച്ച വേദിയില്‍ ചാണവെള്ളം തളിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.












Click it and Unblock the Notifications