ഇഎംഎസ് പാര്‍പ്പിട പദ്ധതിയ്ക്ക് 100കോടി
തിരുവനന്തപുരം: ഇഎംഎസ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലേയ്ക്കായി 100 കോടി രൂപ വകയിരുത്തിയതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍പ്പിട നിര്‍മാണ പ്രോജക്‌ടാണ് ഇഎംഎസ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 2000 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. സഹകരണ ബാങ്കുകളില്‍നിന്നാണ് ഇതിനാവശ്യമായ പണം വായ്‌പയെടുക്കുന്നത്.
പത്തുവര്‍ഷംകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റില്‍നിന്ന് ഈ പണം തിരിച്ചടക്കണം. ഈ തിരിച്ചടവ് വാര്‍ഷിക ഗ്രാന്റിന്റെ 10 ശതമാനത്തില്‍ അധികരിക്കുവാന്‍ പാടില്ല. വായ്‌പയുടെ പലിശ സംസ്ഥാന ബഡ്‌ജറ്റില്‍നിന്നാണ് നല്‍കുന്നത്- മന്ത്രി വ്യക്തമാക്കി.
ലക്ഷംവീട് പദ്ധതിപ്രകാരമുള്ള വീടുകള്‍ പുനരുദ്ധരിക്കുന്നതിന് എം.എന്‍സ്‌മാരക പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. ഭവനനിര്‍മ്മാണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്ക് സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തി.
സാമ്പത്തിക പ്രതിസന്ധിമൂലം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയിരുന്ന ഹൗസിംഗ് ബോര്‍ഡിന്റെ പുനരുദ്ധാരണത്തിന് സമഗ്രമായ ഒരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
മറൈന്‍ ഡ്രൈവിലെ 17.9 ഏക്കര്‍ സ്ഥലവും ആക്കുളത്തെ 14.7 ഏക്കര്‍ സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കലൂര്‍, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലെ 16 ഏക്കര്‍ സ്ഥലവും 15 പ്ലോട്ടുകളിലുള്ള 12 ഏക്കര്‍ സ്ഥലവും ഉപയോഗപ്പെടുത്തി പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങള്‍ പണിയുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഹൗസിംഗ്‌ബോര്‍ഡുവഴി നടപ്പാക്കിയ 12 സ്‌കീമുകളില്‍ നിന്നുള്ള 117 കോടി രൂപ എഴുതിത്തള്ളുന്നതാണ്. ജില്ലാ കളക്‌ടര്‍മാര്‍ വഴി നടപ്പാക്കിയ സ്‌കീമുകളില്‍ നിന്ന് 31 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. രോഗികള്‍ക്കും അശരണര്‍ക്കും 23 കോടി രൂപയുടെ ആനുകൂല്യം നല്‍കിയിട്ടുണ്ട് 183 കോടി രൂപയുടെ ഈ കടബാധ്യതകള്‍ എഴുതിത്തള്ളും.
1996ന് മുമ്പ് നല്‍കിയ ഭവനവായ്‌പാ കുടിശ്ശികയും എഴുതിത്തള്ളുന്നു. ഇതോടെ 41500 പേര്‍ക്ക് തങ്ങളുടെ പണയാധാരങ്ങള്‍ തിരിച്ചുകിട്ടും.












Click it and Unblock the Notifications