കെട്ടിട നിര്‍മാണ ചെലവ് കുറയും
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിയ്‌ക്കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കെട്ടിട നിര്‍മാതാക്കളുടെ കോമ്പൗണ്ടിംഗ് നിരക്ക് നിലവിലുള്ള 8 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ചു.
മെറ്റര്‍ ക്രഷര്‍ മേഖലയിലെ കോമ്പൗണ്ടിംഗ് നിരക്കിലും ഇളവ് വരുത്തിയിട്ടുണ്ട്. കെട്ടിട നിര്‍മാണ ചെലവില്‍ ഇത് കുറവ് വരുത്തിയേക്കും. ബജറ്റ് കേരള ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്.
സിഎഫ്‌എല്‍ സ്റ്റാന്‍ഡ്, ചൂല്‍ ബ്രഷ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കുറച്ചു. വ്യാപാരികള്‍ക്കായി പ്രത്യേക വായ്‌പാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണത്തില്‍ നിന്നും 150 കോടി നികുതിയായി ലഭിയ്‌ക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിയ്‌ക്കുന്നത്. നാളികേര കര്‍ഷകര്‍ക്കുള്ള നികുതിയിളവ് തുടരുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. റേഷന്‍കടകള്‍ വഴി വില്‌പന നടത്തുന്ന എല്ലാ റേഷന്‍ ഉല്‌പന്നങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സമ്പൂര്‍ണ ഇ-ഫയലിംഗ് നടത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. നികുതിയടയ്‌ക്കാന്‍ ഓഫീസുകളില്‍ പോകുന്നത് ഒഴിവാക്കാന്‍ ആറ് മാസത്തിനുള്ളില്‍ ഇ-പേയ്‌്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തും.












Click it and Unblock the Notifications