മൂന്നാറില്‍ ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പിലാക്കും: വിഎസ്
ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ നടപടികളും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രസ്‌താവിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ നിക്ഷിപ്‌ത ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന പട്ടയമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുത്ത ഭൂമിയല്ല ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ഉദ്‌ഘാടനവേളയില്‍ മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ വന്‍കിടക്കാരില്‍ നിന്നും ഏറ്റെടുത്ത ഭൂമിയായിരിക്കും വിതരണം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെ എല്ലാ അനധികൃത നിര്‍മാണങ്ങളെയും കോടതി തടഞ്ഞിട്ടില്ല. ഒരു വക്കീലിന്റെ റിസോര്‍ട്ടിന് മാത്രമേ സ്‌റ്റേ അനുവദിച്ചിട്ടുള്ളൂ. സര്‍ക്കാരിനും തനിയ്‌ക്കുമെതിരെ തദ്ദേശവാസികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് വന്‍കിടക്കാരായ കയ്യേറ്റക്കാരാണെന്നും വിഎസ് ആരോപിച്ചു.
ചരിത്രത്തില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ വന്‍കിടക്കാരില്‍ നിന്നും ഭൂമി ഒഴിപ്പിയ്‌ക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില വീഴ്‌ചകള്‍ പറ്റി. എന്നാല്‍ മന്ത്രിസഭ ഉപസമിതിയുടെ ഇടപെടലോടെ കാര്യങ്ങള്‍ നേരായ വഴിയിലെത്തിയെന്നും വിഎസ് അവകാശപ്പെട്ടു. സര്‍ക്കാരില്‍ നിക്ഷിപ്‌തമായ 140 ഏക്കര്‍ സ്ഥലമാണ് തിങ്കളാഴ്‌ച വിതരണം ചെയ്‌തത്.












Click it and Unblock the Notifications