വിഎസ് പങ്കെടുക്കുമോയെന്നത് പ്രശ്‌നമല്ല വിജയകുമാര്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വിഎസ് സൂചന നല്‍കിയതിന് പിന്നാലെ. അഭിപ്രായപ്രകടനങ്ങളുമായി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍രംഗത്ത്. വിഎസ് വന്നാലും ശരി വന്നില്ലെങ്കിലും ശരി പരിപാടി വിജയിയ്‌ക്കുമെന്നാണ് കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന്‍ പറഞ്ഞത്.
പരിപാടിയില്‍ വിഎസ് പങ്കെടുക്കുമോ ഇല്ലയോ എന്നത് വലിയ പ്രശ്‌നമേയല്ലെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുകയെന്നത് വിഎസിന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന്റെ സമാപനച്ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിഎസ് പരിപാടിയില്‍ പങ്കെടുക്കുമോയെന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി.
അതേസമയം വിഎസ് പരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയെന്നത് ഒരുതരത്തില്‍ ഔദ്യോഗിക പക്ഷത്തിന് ആശ്വാസകരമാണ്. നിലപാട് മാറ്റി പങ്കെടുക്കാന്‍ വിഎസ് തയ്യാറായാല്‍ അതായിരിക്കും പിണറായിപക്ഷത്ത് ആശങ്കകളുയര്‍ത്തുക. വിഎസിന്റെ നിലപാടിനേക്കാള്‍ യോഗത്തില്‍ പങ്കെടുക്കുന്ന അണികളുടെ വികാരമായിരിക്കും പിന്നീട് ഉദ്വേഗമുണര്‍ത്തുക.
കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ ഉണ്ടായ സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചാല്‍ അത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകും. യോഗത്തില്‍ വിഎസ് പങ്കെടുത്താല്‍ അദ്ദേഹത്തിന് അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കപ്പെട്ടേയ്‌ക്കുമെന്നാണ് പിണറായി പക്ഷത്തിന്റെ ഭയം.
സമാപനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. ജില്ലാ കമ്മിറ്റിക്കാണ് ചുമതലയെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നീരീക്ഷണം വേണമെന്ന നിബന്ധന സംസ്ഥാന നേതൃപക്ഷത്തുനിന്നുണ്ട്. അലോസരങ്ങളുണ്ടാകാതെ പരിപാടി അവസാനിപ്പിക്കുന്നതിനായി നിരന്തരമായ വിശദീകരണയോഗങ്ങള്‍ കീഴ്‌ഘടകങ്ങളില്‍ നടന്നുകഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അണികളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നവകേരള യാത്ര നടത്താന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പേ ലാവലിന്‍ കേസും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നതോടെ ഇത് ലാവലിന്‍ കേസില്‍ വിശദീകരണം നല്‍കുന്ന ഒരു യാത്രയായി മാറി എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഔദ്യോഗികപക്ഷത്തിന് യാത്ര ഗുണം ചെയ്‌തേയ്‌ക്കുമെങ്കിലും യഥാര്‍ത്ഥ ലക്ഷ്യത്തിലെത്താന്‍ യാത്രയ്‌ക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications