പൊന്നാനിയില്‍ ഇടതിനെ പിന്തുണയ്‌ക്കും: മുരളി
തൃശൂര്‍: പൊന്നാനിയില്‍ ഇടതുമുന്നണി പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ എന്‍സിപി പിന്തുണയ്‌ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍. ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാരും രാഷ്ട്രീയ ശത്രുക്കളല്ല എന്നാലും നേതാക്കള്‍ ഞങ്ങളെ നിരന്തരം അപമാനിക്കുന്നതിനാല്‍ അവരുമായി ബന്ധമുണ്ടാകില്ല. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് പോലും ലഭിക്കില്ല. അവരെ പത്ത് സീറ്റില്‍ താഴെ നിര്‍ത്തുകയെന്നതാണ് എന്‍സിപിയുടെ ഒരു ലക്ഷ്യം- മുരളി പറഞ്ഞു.
തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. കേരളത്തില്‍ ചതുഷ്‌കോണ മത്സരം വരുമ്പോള്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദി ഞങ്ങളായിരിക്കില്ല. കേരളത്തില്‍ ബിജെപി ഇത്തരത്തില്‍ വിജയം കൈവരിച്ച ചരിത്രമുണ്ട്, പിസി തോമസ് ഇങ്ങനെയാണ് ജനിച്ച് വന്നത്.
ഇടതുമുന്നണി എന്‍സിപിയെ പുറത്താക്കിയതാണ്. അടച്ച വാതില്‍ മുട്ടി വിളിക്കാന്‍ ഞങ്ങളില്ല. അടച്ചവര്‍ തന്നെയാണ് വാതില്‍ തുറക്കേണ്ടത് എന്തായാലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുന്നണിയെ നയിക്കുന്നവര്‍ പലരും അനാഥരാകും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്നത് തന്നെയാണ് പ്രധാന ലക്ഷ്യം- അദ്ദേഹം വ്യക്തമാക്കി.
ഇടതു സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുമോയെന്ന ചോദ്യത്തിന് ആദ്യം കാത്തിരുന്നു കാണാമെന്ന് പ്രതികരിച്ച മുരളീധരന്‍പിന്നീട് ഇടതുസ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്നവരും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications