മൂന്നാറിലെ പട്ടയ വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കൊച്ചി: മൂന്നാറില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തിങ്കളാഴ്ച വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതുവരെ നല്കിയ 1044 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയതിന്റെ നടപടിക്രമങ്ങള്‍ തുടരാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആക്‌ടിംഗ് ചീഫ് ജസ്‌റ്റീസ് ജെ ബി കോശി ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
'ഭൂമി പതിച്ചു നല്‍കല്‍ ചട്ടപ്രകാര'മാണ് പട്ടയം നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടപടികള്‍ സുതാര്യമാണ്. 1971ന് മുന്‍പ് കൈയ്യേറിയ ഭൂമി മാത്രമേ പതിച്ചു നല്‍കുന്നുള്ളൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
15 ഓളം ജീവനക്കാര്‍ 26 ദിവസം കൊണ്ടാണ് രേഖകള്‍ പരിശോധിച്ചത്. ദേവികുളം താലൂക്കില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പട്ടയം നല്കുന്നുണ്ടോയെന്ന് പരിശോധിയ്ക്കും. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മൂന്നാറിലെ പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ സെക്രട്ടറി വി മോഹന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി. 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസംപ്‌ഷന്‍ ഓഫ് ലാന്‍ഡ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂമി വിതരണത്തിന് നടപടി സ്വീകരിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.
നിയമത്തിലെ ഒന്പതാം വകുപ്പനുസരിച്ച് ഏറ്റെടുത്ത ഭൂമി മാത്രമേ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ കഴിയൂ. എന്നാല്‍ പിടിച്ചെടുത്ത ഭൂമിയല്ല ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂമി നല്‍കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായാണെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications