നവകേരള മാര്‍ച്ച് ബുധനാഴ്ച സമാപിക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ബുധനാഴ്ച സമാപിക്കും. വൈകുന്നേരം ശംഖുമുഖം കടപ്പുറത്ത് സമാപനസമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി റെഡ് വളന്റിയര്‍ പരേഡും ഉണ്ടാകും.
അതേ സമയം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സമാപനചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
സമാപന ചടങ്ങില്‍ വിഎസ് പങ്കെടുക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തിരിപ്പൂരില്‍ പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ തീരുമാനമനുസരിച്ച് നടക്കുന്ന നവകേരളാ മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള ബാധ്യത എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ഉണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം 5.15ന് ശംഖുമുഖം പാര്‍ക്ക് ജംക്ഷനില്‍ പിണറായി വിജയനും ജാഥാംഗങ്ങളും പ്രകാശ് കാരാട്ടും എത്തിച്ചേരും. അവിടെ നിന്ന് തുറന്ന ജീപ്പ്പില്‍ എത്തുന്ന നേതാക്കളെ പ്രത്യേകവേഷം ധരിച്ച 2,000ത്തോളം കുട്ടികള്‍ ചുവന്ന പതാക വീശി വരവേല്‍ക്കും.
വേദിയില്‍ എത്തിയശേഷം 5.45ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ചുവപ്പ് വളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 6.30ന് സമാപനസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് പിണറായി വിജയനും ജാഥാംഗങ്ങള്‍ക്കും സ്വീകരണം നല്‍കും.
അതിനുശേഷം പിണറായി വിജയന്‍ പ്രസംഗിക്കും. സമാപന സമ്മേളനത്തിലും ജാഥയിലുമായി ഒരുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഫെബ്രുവരി രണ്ടിനാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍നിന്നു മാര്‍ച്ച് ആരംഭിച്ചത്.












Click it and Unblock the Notifications