മുംബൈ ആക്രമണത്തില്‍ പാക് സൈനികനും പങ്ക്
മുംബൈ: നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്‌താന്‍ സൈനികനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ടെലിഫോണ്‍വഴി ആക്രമണത്തിനെത്തിയ തീവ്രവാദികളുമായി സംസാരിച്ചതില്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ള സൈനികനും ഉണ്ടെന്ന് ബുധനാഴ്‌ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പാക്‌സേനയില്‍ നിലവില്‍ കേണല്‍ പദവിയിലുള്ള ആര്‍. സദത്തുള്ളയുടെ പേരാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാകിസ്‌താന്‍ സര്‍ക്കാറിന്റെ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷനില്‍ ഉള്ള സൈനികന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും സംഭാഷണത്തെക്കുറിച്ച് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നില്ല.
11,509 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. 58 മണിക്കൂര്‍ നീണ്ട മുംബൈ ആക്രമണത്തിനിടയില്‍ തീവ്രവാദികല്‍ 284 തവണയായി ആകെ 995 മിനിറ്റ് ഫോണില്‍ സംസാരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. താജ് ഹോട്ടല്‍, ഒബ്‌റോയി, ട്രൈഡന്റ്, നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രവാദികള്‍ ഫോണ്‍ വിളിച്ചിട്ടുള്ളത്.
പാകിസ്‌താനില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു തീവ്രവാദികള്‍ പ്രവര്‍ത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമേരിക്കയിലെ ന്യൂജഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ഫോണക്‌സ് എന്ന കമ്പനിയുടെ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനങ്ങളാണ് തീവ്രവാദികള്‍ ഉപയോഗിച്ചത്.
ഇന്ത്യക്കാരനായ ഖരക് സിങ് എന്നയാളുടെ പേരിലാണ് പണമടയ്‌ക്കുന്നതിന് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. മണിഗ്രാം, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്‌ഫര്‍ എന്നിവ വഴി രണ്ടുതവണയായിട്ടാണ് പണം അടച്ചിരിക്കുന്നത്. ഇ-മെയില്‍ പത്ത് വ്യത്യസ്ഥ ഐപി അഡ്രസുകളില്‍ നിന്നും തുറന്നിട്ടുണ്ട്. ഇതിലുള്ള ഒരു ഐപി അഡ്രസ് പാക് സൈനികനായ കേണല്‍ ആര്‍ സദത്തുള്ളയുടേതാണ്- കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
പാക് സൈന്യത്തിലുള്ളവര്‍ക്ക് മുംബൈ ആക്രമണത്തിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ രാകേഷ് മരിയ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ളതോ വിരമിച്ചവരോ ആയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications