പാലക്കാട് പടക്കശാലക്ക് തീപിടിച്ച് 5 മരണം
പാലക്കാട്: തൃത്താല പണ്ടാരക്കുണ്ടില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. നാലു പുരുഷന്മാരും ഒരു സ്തീയുമാണു മരിച്ചത്. അഞ്ച് പേര്‍ക്കു പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
കൂടുതല്‍ പേര്‍ പടക്ക നിര്‍മാണ ശാലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങള്‍ ചിന്നിചിതറിയ നിലയിലാണുണ്ടായിരുന്നത്. അതിലാല്‍ ആരൊക്കെയാണ് മരിച്ചതെന്ന് അറിവായിട്ടില്ല.
വന്‍ പൊട്ടിത്തെറിയോടെയാണു തീ പടര്‍ന്നത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യ സ്ഫോടനത്തിന് ശേഷം ഇടയ്ക്കിടെ വന്‍ പൊട്ടിത്തെറി ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ നിയന്ത്രണ വിധേയമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുപ്പതോളം പേര്‍ പണിയെടുത്തിരുന്ന ഷെഡ്ഡില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായെന്ന് സംശയിക്കുന്നു.
പടക്കനിര്‍മ്മാണശാല ഒഴിഞ്ഞ സ്ഥലത്തായതിനാല്‍ അഗ്നി ശമനസേന സ്ഥലത്തെത്താന്‍ വൈകിയതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.
ജോണ്‍സണ്‍ എന്ന ലൈസന്‍സിയുടെ പേരിലാണ് പടക്ക നിര്‍മാണശാല. ജോണ്‍സന്റെ ബന്ധുവായ തൃശൂര്‍ സ്വദേശി ഡേവിഡ് എന്നയാളാണ് ഇത് നടത്തുന്നത്.
അപകടത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications