പ്രസ്ഥാനത്തേക്കാള്‍ വളര്‍ന്നാല്‍ പതനം: പിണറായി
തിരുവനന്തപുരം: മറ്റുസഖാക്കളില്‍ നിന്നും വ്യത്യസ്‌തനായി താന്‍ വല്ലാതെ ഉയര്‍ന്നുപോയി എന്ന് ഏതെങ്കിലും നേതാവിന് തോന്നിയാല്‍ അയാള്‍ അതോടെ തീര്‍ന്നുവെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍.
പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ വെള്ളത്തിന് തിരയുടെ ശക്തിവരൂ. പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നനില്‍ക്കമ്പോഴേ നേതാക്കള്‍ക്കും ശക്തയുണ്ടാകൂ, വേറിട്ടുനിന്നാല്‍ അവര്‍ക്ക് ശക്തിയില്ല- അദ്ദേഹം പറഞ്ഞു.
നവ കേരളമാര്‍ച്ചിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന് ആരും ധരിക്കേണ്ടെന്ന് പറയാനായി ഒരു ഉറുദു കവിതയിലെ ഉള്ളടക്കമാണ് പിണറായി വിശദീകരിച്ചത്. നവകേരള മാര്‍ച്ചിനിടെ അണികള്‍ തനിക്ക് സിന്ദാബാദ് വിളിച്ചത് മാര്‍ച്ചിന്റെ പ്രതീകമായതിനാലാണ്. അല്ലാതെ താന്‍ വ്യത്യസ്‌തനായതിനാലല്ല.
ഒരു കുട്ടി കടല്‍ കാണാന്‍ പോയതുമായി ബന്ധപ്പെടുത്തി ഒരു ഉര്‍ദു കവിതയുണ്ട്. കടല്‍ ആര്‍ത്തലയ്‌ക്കുന്നത് കണ്ട് ആഹ്ലാദിച്ച കുട്ടി ഒരു ബക്കറ്റില്‍ കടല്‍ വെള്ളം കോരിവെച്ചെങ്കിലും തിരയടിച്ചില്ല. ഇത് കണ്ട് വിഷമിച്ച കുട്ടിയോട് ബക്കറ്റിലുണ്ടായിരുന്ന വെള്ളം പറഞ്ഞത് ഞാന്‍ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ തിരയാകാന്‍ കഴിയൂ എന്നും അപ്പോഴാണ് തനിക്ക് ശക്തിവരുകയുള്ളുവെന്നുമാണ്- പിണറായി വിശദീകരിച്ചു.
മുദ്രാവാക്യം വിളികള്‍ തന്നെ വ്യത്യസ്‌തനാക്കുന്നുവെന്ന് തോന്നിയാല്‍ അത് നേതാവിന്റെ പതനമാണ്. ഏത് പ്രതിസന്ധിയെയും പാര്‍ട്ടി അതിജീവിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നവകേരളമാര്‍ച്ചിന് ലഭിച്ച ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിന്‌ല്‍ വിവാദങ്ങളെക്കുറിച്ച് പിണറായി ഒന്നും പറഞ്ഞില്ല.
ലാവലിന്‍ കേസിനെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ മാര്‍ച്ചിനെയും അതിലെ അനുഭവങ്ങളെയും കുറിച്ചാണ് പിണറായി സംസാരിച്ചത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളുടെ പേരെടുത്ത് പറഞ്ഞ അദ്ദേഹം ഒഞ്ചിയത്തും ഷൊര്‍ണൂരും പാര്‍ട്ടിയ്‌ക്ക് ഒന്നും സംഭവിച്ചില്ലെന്ന് പറയാനും മറന്നില്ല.
മാര്‍ച്ച് വിജയമാക്കിയ പ്രവര്‍ത്തകരോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറഞ്ഞുകൊണ്ടാണ് പിറണായി പ്രസംഗം അവസാനിപ്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്തെ പ്രത്യേകം തയ്യാറാക്കിയ വേദയിലാണ് സമാപനച്ചടങ്ങുകള്‍ നടന്നത്.












Click it and Unblock the Notifications