അഭയ: നാര്‍കോ ടെസ്‌റ്റ് നടത്തിയ ഡോക്ടറെ നീക്കി
ബാംഗ്ലൂര്‍: യോഗ്യത രേഖകളില്‍ കൃത്രിമത്വം കാണിച്ച് ജോലി സമ്പാദിച്ചതിന് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ എസ്. മാലിനിയെ സര്‍വീസില്‍ നിന്നും നീക്കി.
വിവാദ കേസുകളിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‌കുന്നുണ്ടെന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ് ആചാര്യയാണ് മാലിനിയെ പുറത്താക്കിയ കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു നാളായി നിര്‍ബന്ധിത അവധിയിലായിരുന്നു ഇവര്‍.
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ സിഡിയില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണം നേരിടുന്ന ഇവരെ സിബിഐ സംഘം കഴിഞ്ഞ മാസം ചോദ്യം ചെയ്‌തിരുന്നു. സംഭവത്തില്‍ കേരള ഹൈക്കോടതി ഇവരെ വിമര്‍ശിയ്‌ക്കുകയും ചെയ്‌തിരുന്നു.
രേഖകളില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ മാലിനിക്കെതിരെ കര്‍ണാടക മുന്‍ ഡിജിപി ആര്‍. ശ്രീകുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‌കിയിരുന്നു. വിവിധ കേസുകളുടെ നാര്‍ക്കോ പരിശോധന സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇവര്‍ ചോര്‍ത്തിക്കൊടുക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതോടൊപ്പം ലാബ് ഡയറക്ടര്‍ ഡോ. ബി.എം മോഹനെതിരെയും നടപടിയ്‌ക്ക് ശുപാര്‍ശയുണ്ട്.
രാജ്യത്തെ വിവാദമായ ഒട്ടേറെ കേസുകളില്‍ നാര്‍ക്കോ, നുണ പരിശോധനകള്‍ നടത്തി ശ്രദ്ധ നേടിയ സ്ഥാപനമാണ് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ്. പുതിയ സംഭവ വികാസങ്ങള്‍ ലാബിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
എസ്‌എസ്‌എല്‍സി ബുക്കില്‍ പ്രായം തിരുത്തി നാല് വയസ് കുറച്ച് കാണിച്ച് മാലിനി ജോലി സമ്പാദിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്‌ച കര്‍ണാടക നിയമസഭയില്‍ ജനതാദള്‍ (എസ്) അംഗം എംസി നാണയ്യനാണ് മാലിനിക്കെതിരായ നടപടി സംബന്ധിച്ച വിവരം തേടിയത്. കൃത്യമായ വിവരം ലഭിയ്‌ക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി മാലിനിയെ സര്‍വീസില്‍ നിന്നും നീക്കുന്ന കാര്യം നിയമസഭയെ അറിയിച്ചത്.












Click it and Unblock the Notifications