ഗോര്‍ബച്ചേവുമാരെ സൂക്ഷിക്കണം: വിഎസ്
തൃശൂര്‍: നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിനിടെ പാര്‍ട്ടിയ്‌ക്കതീതരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി കടലില്‍ നിന്നും വെള്ളം ബക്കറ്റിലെടുത്ത് തിരകാണാനിരുന്ന കുട്ടിയുടെ കഥ പറഞ്ഞ സിപിഎം സെക്രട്ടറി പിണറായി വിജയന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മറുപടി.
ശനിയാഴ്‌ച തൃശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് പിണറായിയ്‌ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട് വിഎസ് പാര്‍ട്ടിയിലെ വിഭാഗീയതയെ വീണ്ടും പുറത്തുകൊണ്ടുവന്നത്. ഗോര്‍ബച്ചേവുമാരുടെ ദുഷ്ടചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍ നിന്നും കോരുന്ന ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാന്‍ കഴിയൂ എന്നാണ് വിഎസ് പ്രസംഗത്തിനിടെ പറഞ്ഞത്.
സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനിന്നാലെ കടലിലെ വെള്ളത്തിന് ശക്തിയുണ്ടാകൂവെന്നും അതുപോലെതന്നെ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ നേതാക്കന്മാര്‍ക്ക് ശക്തിയുണ്ടാകൂയെന്നുമായിരുന്നു പിണറായി പറഞ്ഞത്. ഒരു ഉറുദു കവിതചൊല്ലിയശേഷമാണ് പിണറായി ഇങ്ങനെ വിശദീകരിച്ചത്.
തൃശൂരില്‍ കേരള പ്രവാസി ക്ഷേമപദ്ധതി ഉത്‌ഘാടനം ചെയ്യവെയാണ് വിഷയവുമായി ബന്ധമില്ലാത്ത എന്നാല്‍ പുതിയ വിവാദത്തിന് തിരികൊളുത്താന്‍തക്ക പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. ഗോര്‍ബ്ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരളാതിരിക്കാനുള്ള ജാഗ്രതയാണ് നമ്മുടെ പുരോഗമനപ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരുഭൂമികളില്‍ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികളെ പ്രശംസിച്ചശേഷമാണ് വിഎസ് ഈ പരാമര്‍ശത്തിലേയ്‌ക്ക് കടന്നത്. വിഎസ് പറഞ്ഞകാര്യങ്ങള്‍ ഇതാണ്- പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹികവ്യവിസ്ഥിതിയിലും വറ്റിവരണ്ടുപോയിട്ടുണ്ട്.
സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്നും അതിശക്തമായ അലകള്‍ വീശിയതിനെത്തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ വന്‍ മാറ്റങ്ങളുണ്ടായത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രം വറ്റിവരളാന്‍ ഇടയായി. പിന്നീടതില്‍ നിന്നും കോരുന്ന വെള്ളത്തിന് മറ്റൊരു കഥയേ പറയാന്‍ കഴിയൂ.
പിണറായിയ്‌ക്ക് മറുപടി നല്‍കുന്ന രീതിയില്‍ വിഎസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. പിണറായി വിഎസിന്റെ പരാമര്‍ശത്തോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications