യുഎസില്‍ നഴ്സുമാര്‍ക്ക് പുതിയ നിയമം
വാഷിങ്ടന്‍: വിദേശരാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് അമേരിക്കയില്‍ എളുപ്പത്തില്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കുന്ന നിയമം യുഎസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.
അമേരിക്കയില്‍ ജോലി തേടുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഏറെ ഗുണകരമായ നടപടിയാണിത്. സാമ്പത്തികമാന്ദ്യം മൂലം വിദേശ പ്രൊഫഷലുകള്ക്കു തൊഴില്‍ വിസ നല്‍കുന്നത് വെട്ടിച്ചുരുക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്തെ ആശുപത്രികളില്‍ വേണ്ടത്ര നഴ്സുമാരില്ലാത്തതാണ് ഇത്തരത്തില്‍ നിയമം അവതരിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
രജിസ്ട്രേഡ് നഴ്സുമാര്‍ക്കായി പ്രത്യേക നോണ്‍ ഇമിഗ്രന്റ് വിസ നല്കാനുദ്ദേശിക്കുന്നതാണ് നഴ്സിങ് റിലീഫ് ആക്ട് 2009 എന്ന നിയമം. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും പ്രതിവര്‍ഷം 50,000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. സാമ്പത്തിക മാന്ദ്യം മൂലം അമേരിക്കയില്‍ പതിനാല് മാസത്തിനുള്ളില്‍ 36 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
അമേരിക്കയിലുള്ള രജിസ്ട്രേഡ് നഴ്സുമാരേക്കാളും നഴ്സിങ് വിദ്യാര്‍ത്ഥികളേക്കാളും കൂടുതല്‍ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. 1,26,000 നഴ്സുമാരുടെ കുറവുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ ഇമിഗ്രേഷന്‍ നിയമപ്രകാരം വിദേശനഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ആശുപത്രികള്‍ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ട സാഹചര്യമാണ്. പുതിയ നിയമത്തില്‍ ഇതിന് മാറ്റമുണ്ടാകും.