ലാവലിന്‍: യുഡിഎഫ് നേതാക്കള്‍ വിഎസിനെ കണ്ടു
തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കണ്ടു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് പിപി തങ്കച്ചന്‍, ടിഎം ജേക്കബ്, ഷിബു ബേബിജോണ്‍, സി.എഫ് തോമസ്, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് നിയമോപദേശം നല്‍കുന്നതിനായി മൂന്നാഴ്‌ചത്തെ സമയം അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു.
എന്നാല്‍ നാലാഴ്‌ചയായിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ ഒട്ടും വൈകിക്കരുതെന്ന് ഞങ്ങള്‍ വിഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുഖ്യമന്ത്രി നോക്കി കണ്ടുവെന്നാണ് വിശ്വാസം. യുഡിഎഫ് ഉന്നയിച്ച പരാതിയും ആശങ്കയും ന്യായമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടുവെന്നാണ് കരുതുന്നത്. യുഡിഎഫിന്റെ ആവശ്യം തള്ളിക്കളഞ്ഞാല്‍ അടുത്ത നടപടിയെക്കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കും- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications