രണ്ടത്താണിയെ അംഗീകരിക്കില്ല: സിപിഐ
തിരുവനന്തപുരം: പൊന്നാനിയില്‍ എല്‍ഡിഎഫിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി ഡോ. ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ. പൊന്നാനി സീറ്റ് വിട്ടുകൊടുക്കില്ലെന്നും മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സി പി ഐ നേതൃത്വം.
നാല് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും തീരുമാനിച്ചു. തങ്ങളുടെ തീരുമാനം വ്യഴാഴ്ച വൈകിട്ട് അഞ്ചിന് ചേരുന്ന ഇടത് മുന്നണി യോഗത്തില്‍ അറിയിച്ച ശേഷം സിപിഐ സെക്രട്ടേറിയറ്റ് ചേര്‍ന്ന് നാല് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ പൊന്നാനി സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. രണ്ടത്താണിയെ മത്സരിപ്പിക്കുന്നതിനോടാണ് സിപിഎമ്മിന് താല്‍പ്പര്യം. ഇടഞ്ഞ് നില്ക്കുന്ന പിഡിപിക്കും ഇതിനോട് യോജിപ്പാണ്. രണ്ടത്താണിയെ മത്സരിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ സി പി ഐ ചിഹ്‌നത്തില്‍ മത്സരിക്കണമെന്നുമായിരുന്നു നേരത്തേ സി പി ഐ മുന്നോട്ടുവച്ച നിര്‍ദ്ദേശം.
എന്നാല്‍ സിപിഐയുടെ ചിഹ്‌നത്തില്‍ താന്‍ മത്സരിക്കില്ലെന്നും ഇടതുപക്ഷത്തിന്റെ പൊതുസ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും രണ്ടത്താണി വ്യക്തമാക്കിയതോടെ സിപിഐക്ക് അദ്ദേഹം അനഭിമതനായി മാറുകയായിരുന്നു.
സിപിഐയുടെ നിര്‍ബന്ധത്തിന് സിപിഎം കീഴടങ്ങുമോയെന്നാണ് ഇപ്പോള്‍ രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദമായ സാഹചര്യത്തില്‍ രണ്ടാത്താണിയെ മത്സരപ്പിയ്ക്കാന്‍ അനുവദിക്കേണ്ടെന്ന ആലോചനയും എപി സുന്നി വിഭാഗത്തിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications