അഭയ കേസ്: നാര്‍കോ ടേപ്പ് തിരിച്ച് നല്‍കി
കൊച്ചി: അഭയ കേസിലെ മൂന്ന് പ്രതികളെ നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയത് ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കാസറ്റ് ടേപ്പുകള്‍ സി-ഡാക് സിജെഎം കോടതിയ്‌ക്ക് തിരിച്ചുനല്‍കി.
വീഡീയോ കാസറ്റ് ടേപ്പുകളിലാണ് നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോള്‍ പ്രതികള്‍ നല്‍കിയിട്ടുള്ള ഉത്തരങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവ ഡിജിറ്റല്‍ സംവിധാനത്തിലേയ്‌ക്ക് മാറ്റി സിഡികളിലാക്കിക്കിട്ടാന്‍ വേണ്ടിയാണ് കോടതി സി-ഡാകിന് കൈമാറിയിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്‌ഡ് കമ്പ്യൂട്ടിങ് ടെക്‌നോളജി(സി-ഡാക്). ഇത്തരം സാങ്കേതിക ജോലികള്‍ സി-ഡാകില്‍ ചെയ്യാത്തതിനാലാണ് അവ സിഡികളിലാക്കാന്‍ കഴിയാതെ പോയതെന്ന് സി ഡാകിന്റെ അസിസ്‌റ്റന്റ് ഡയറക്ടര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ കത്തില്‍ പറയുന്നു.
പുറമേ നിന്ന് സാങ്കേതിക സൗകര്യങ്ങള്‍ സി-ഡാക്കില്‍ ഏര്‍പ്പെടുത്തി പ്രസ്‌തുത ജോലി ചെയ്യാന്‍ സി-ഡാക്കിന് കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വക്കേറ്റ് കമ്മീഷണറായി നിയോഗിക്കപ്പെട്ട ഹൈക്കോടതിയിലെ അഭിഭാഷകനായ സജീവ് ടി പ്രഭാകരനും സിബിഐ ഇന്‍സ്‌പെക്ടര്‍ സലിം സാഹിബും ചേര്‍ന്ന് വീഡിയോ ടേപ്പ് വ്യാഴാഴ്‌ച കോടതിയെ തിരിച്ചേല്‍പ്പിച്ചു. മാര്‍ച്ച് 12ന് തുടര്‍ നടപടി എന്തെന്ന് തീരുമാനിക്കുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് പി.ഡി സോമന്‍ സിബിഐയെ അറിയിച്ചു.
വീഡിയോ കാസറ്റ് ടേപ്പുകള്‍ എഡിറ്റ് ചെയ്യപ്പെട്ട നിലയിലാണോ ബാംഗ്ലൂരിലെ ഫൊറന്‍സിക് ലാബില്‍ നിന്നും സിബിഐക്ക് കിട്ടിയതെന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരമുള്ള ജോലികള്‍ ചെയ്യാനുള്ള സംവിധാനം സി-ഡാകിന് കീഴിലുള്ള ഡിജിറ്റല്‍ ഫൊറന്‍സിക് ലാബില്‍ ഇല്ല.
ടേപ്പുകളുടെ നിജസ്ഥിതിയാണ് കോടതി പരിശോധിക്കേണ്ടത്. കേസിലെ മൂന്നു പ്രതികളായ, ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.












Click it and Unblock the Notifications