അഴിമതിയാണ് കേരളത്തിന്റെ ശാപം: രാഹുല്‍

അഴിമതി ഉള്‍പ്പെടെ ഭരണത്തിന്റെ ഉന്നതതലങ്ങളിലുമുള്ള എല്ലാ വീഴ്‌ചകള്‍ക്കുമെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ശംഖുമുഖത്ത് നടന്ന ചടങ്ങ് ജനനിബിഡമായിരുന്നു. ഈ സമ്മേളനത്തോടുകൂടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രാഷ്ട്രീയത്തിലിറങ്ങിയിട്ട് അഞ്ചുവര്‍ഷമായെങ്കിലും ഇതുവരെ കേരളത്തില്‍ വരാന്‍ കഴിയാത്തതില്‍ക്ഷമചോദിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ സഹായം നല്‍കിയിട്ടും പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച രാഹുല്‍ കേന്ദ്രം കേരളത്തിന് അനുവദിച്ച പദ്ധതികള്‍ അക്കമിട്ട് നിരത്തി. കേരളത്തിലെ തൊഴിലില്ലായ്‌മ ഗുരുതരമാണ്. ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. ഇതിനെല്ലാമെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം.
എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ചയാണ് യുപിഎ സര്‍ക്കാര്‍ നേടിയത്. ഗ്രാമീണ തൊഴില്‍ ദാന പദ്ധതി, ജവഹര്‍ലാല്‍ നെഹ്‌റു നഗരപുനരുദ്ധാരണപദ്ധതി തുടങ്ങി കേരളത്തിന് യുപിഎ സര്‍ക്കാര്‍ 40,000 കോടിയുടെ പദ്ധതികള്‍ അനുവദിച്ചു- രാഹുല്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ വൈകാതെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാഹുല്‍ അറിയിച്ചു. ചടങ്ങില്‍ കെ കരുണാകരന്‍, രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications