സര്‍ക്കാര്‍ പിന്തുണച്ചിട്ടില്ല: വിജയ് മല്യ

അമേരിക്കയിലെ ഒരു ലേലസ്ഥാപനത്തില്‍ ലേലത്തിന് വച്ച ഗാന്ധിജി ഉപയോഗിച്ചിരുന്ന അഞ്ചു വസ്‌തുക്കള്‍ 18 ലക്ഷം ഡോളറിനാണ് മല്യ സ്വന്തമാക്കിയത്. ഇതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെയാണ് മല്യ ലേലത്തില്‍ പങ്കെടുത്തതെന്ന് സാംസ്‌കാരികമന്ത്രി അംബിക സോണി അവകാശപ്പെട്ടിരുന്നു.
ലേലസമയത്ത് ഇന്ത്യയിലെ അധികൃതരുമായി മല്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കോടതി ഉത്തരവുള്ളതിനാല്‍ കേന്ദ്രസര്‍ക്കാറിന് നേരിട്ട് ലേലത്തില്‍ ഇടപെടാന്‍ കഴിയുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് മല്യയുടെ വെളിപ്പെടുത്തല്‍.
സ്വന്തം താല്‍പര്യപ്രകാരമാണ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് ഇദ്ദേഹം പറയുന്നത്. ഗാന്ധിജിയുടെ വസ്‌തുക്കള്‍ തിരികെ ഇന്ത്യയില്‍ത്തന്നെ എത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ലേലത്തില്‍ പങ്കെടുക്കുമെന്നതിനെക്കുറിച്ച് മറ്റാര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്ന് സംശയമുണ്ട്.- അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍വച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ കള്ളിവെളിച്ചത്താക്കിക്കൊണ്ട് മല്യ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. മദ്യത്തെയും മദ്യപാനത്തെയും എതിര്‍ത്തിരുന്ന ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍ മദ്യവ്യവസായിയായ മല്യയെക്കൊണ്ട് തിരിച്ചെടുപ്പിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്.
എന്നാല്‍ മല്യയുടെ വെളിപ്പെടുത്തലോടെ ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന് വ്യക്തമാവുകയാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, ചെരുപ്പ്, രണ്ട് പാത്രങ്ങള്‍, പോക്കറ്റ് വാച്ച് എന്നിവയാണ് 9.3കോടി രൂപയ്‌ക്ക് മല്യ സ്വന്തമാക്കിയത്.












Click it and Unblock the Notifications