ജെവിഎസ് നാല് മണ്ഡലങ്ങളില്‍ മത്സരിക്കും
പാലക്കാട് : ഷൊര്‍ണൂര്‍ നല്കിയ ആത്മവിശ്വാസവുമായി സിപിഎം വിമത നേതാവും ജനകീയ വികസന സമിതി (ജെവിഎസ്) അധ്യക്ഷനുമായ എംആര്‍ മുരളി പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
ഷൊര്‍ണൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് അടക്കം നാല് മണ്ഡലങ്ങളില്‍ ഇടതുപക്ഷ ഏകോപന സമിതി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് കനത്ത തിരിച്ചടി നല്കാനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജുണിലാണ് ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയിരുന്ന എം ആര്‍ മുരളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന സിപിഎം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ആവശ്യം നിരസിച്ചതിനായിരുന്നു മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ നടന്ന കോണ്‍ഗ്രസ് സഹായത്തോടെ ഷൊര്‍ണൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എംആര്‍ മുരളി നേതൃത്വം നല്‍കിയ ജനകീയവികസനസമിതി വിജയിച്ചിരുന്നു.
വിജയപ്രതീക്ഷയില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ജെവിഎസ് നേടുന്ന വോട്ടുകള്‍ സിപിഎമ്മിന്റെ ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. മറിച്ച് ശക്തി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജെവിഎസിന്റെ നിലനില്പായിരിക്കും അപകടത്തിലാവുക.












Click it and Unblock the Notifications